അലയന്‍സ് എയര്‍ ജീവനക്കാരന് കൊവിഡ്; മുഴുവന്‍ യാത്രക്കാരെയും ക്വാറന്റൈനിലാക്കി

ചെന്നൈ-കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി.

Update: 2020-05-27 05:12 GMT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ അലയന്‍സ് എയര്‍ വിമാനത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ക്വാറന്റൈനിലാക്കി. ഡല്‍ഹിയില്‍നിന്നും ലുധിയാനയിലേക്ക് സര്‍വീസ് നടത്തിയ അലയന്‍സ് എയര്‍ വിമാനത്തിലെ 50കാരനായ സുരക്ഷാജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിമാനസര്‍വീസ് തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇതിനുശേഷം 116 സാംപിളുകളാണ് പരിശോധനയ്‌ക്കെടുത്തത്. ഇതില്‍ 114 പേരുടെ ഫലം ലഭിച്ചു.

വിമാനത്തില്‍ ജീവനക്കാരായി 11 പേരാണുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ പരിശോധനാഫലമാണ് പോസിറ്റീവായതെന്ന് ലുധിയാന സിവില്‍ സര്‍ജന്‍ ഡോ.രാജേഷ് ബാഗ പറഞ്ഞു. ഇയാള്‍ ഡല്‍ഹിയിലാണ് താമസം. ഡ്യൂട്ടിയിലായിരുന്നില്ല, സ്വന്തം ടിക്കറ്റിലാണ് ഇദ്ദേഹം യാത്രചെയ്തിരുന്നത്. ഇപ്പോള്‍ പ്രാദേശിക നിരീക്ഷണകേന്ദ്രത്തിലാക്കിയിരിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്നവരോട് വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ചെന്നൈ-കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി.

ആഭ്യന്തരവിമാനങ്ങളില്‍ മൂന്നിലൊന്ന് തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്താന്‍ കേന്ദ്രം കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര, വാണിജ്യ, പാസഞ്ചര്‍ ഫ്‌ളൈറ്റുകളുടെ സര്‍വീസ് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ക്കിടയില്‍ ആഭ്യന്തര വിമാനസര്‍വീസുകള്‍ അനുവദിക്കാനുള്ള തീരുമാനം മാറ്റിവയ്ക്കണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.  

Tags:    

Similar News