സിപിഐ (മാവോയിസ്റ്റ്) ഉള്‍പ്പടെ ഏഴ് സംഘടനകളുടെ നിരോധനം ആന്ധ്ര സര്‍ക്കാര്‍ നീട്ടി
1992 ലെ ആന്ധ്രാപ്രദേശ് പബ്ലിക് സെക്യൂരിറ്റി ആക്ട് പ്രകാരമാണ് സംഘടനകളെ നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഹൈദരാബാദ്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ (മാവോയിസ്റ്റ്) ഉള്‍പ്പടെ ഏഴ് സംഘടനകളുടെ നിരോധനം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒരുവര്‍ഷംകൂടി നീട്ടി. 1992 ലെ ആന്ധ്രാപ്രദേശ് പബ്ലിക് സെക്യൂരിറ്റി ആക്ട് പ്രകാരമാണ് സംഘടനകളെ നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഗസ്ത് 17 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് വിജ്ഞാപനം.
സിപിഐ (മാവോയിസ്റ്റ്) കൂടാതെ റാഡിക്കല്‍ യൂത്ത് ലീഗ് (ആര്‍വൈഎല്‍), റൈതു കൂലി സംഘം (ആര്‍സിഎസ്), റാഡിക്കല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ (ആര്‍എസ്‌യു), സിംഗരേണി കര്‍മിക സമഖ്യ (സികാസ), വിപ്ലവകര്‍മിക സമഖ്യ (വികാസ), ഓള്‍ ഇന്ത്യ റെവല്യൂഷനറി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എഐആര്‍എസ്എഫ്) എന്നീ സംഘടനകളുടെ നിരോധനമാണ് ഒരുവര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നത്. 1991ലാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഈ സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അതിനുശേഷം എല്ലാവര്‍ഷവും നിരോധനം നീട്ടിക്കൊണ്ടിരിക്കുകയാണ്.