കെജ് രിവാളിന്റെ അറസ്റ്റ്; ജര്‍മനിക്ക് പിന്നാലെ യു എസിന്റെയും പ്രതികരണം; ന്യായമായ നടപടി ഉണ്ടാവണം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിക്ക് പിന്നാലെ പ്രതികരണവുമായി അമേരിക്ക. ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക പറഞ്ഞു. കെജ് രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നതായും സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി.നേരത്തെ ജര്‍മനിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജര്‍മന്‍ വക്താവിനെ ആഭ്യന്തര മന്ത്രാലയത്തില്‍ വിളിച്ച് വരുത്തി ഇന്ത്യ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ജര്‍മന്‍ വക്താവിനെ വിളിച്ച് വരുത്തി ഇന്ത്യ പറഞ്ഞത്.
എന്നാല്‍ അമേരിക്കയുടെ പ്രസ്താവനയില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ പ്രസ്താവന വളരെ നിര്‍ണായകമാണ്.കെജ് രിവാളിന് നീതിയുക്തവും നിക്ഷ്പക്ഷവുമായ വിചാരണക്ക് അവകാശമുണ്ടെന്നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ പ്രതികരിച്ചത്. കേസില്‍ ജുഡീഷ്യറിയുടെ നിക്ഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും ഉറപ്പ് വരുത്തണമെന്നും ജര്‍മനി പ്രതികരിച്ചു.
അതിനിടെ കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ആം ആദ്മി പാര്‍ട്ടി നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് പോലിസും പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി. സ്ത്രീകളടക്കം വലിയ പങ്കാളിത്തമായിരുന്നു മാര്‍ച്ചില്‍ ഉണ്ടായിരുന്നത്.