ഷീന ബോറ വധക്കേസ്: പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം; തൊട്ടുപിന്നാലെ ഉത്തരവിന് സ്റ്റേ

കൊലപാതകം നടക്കുമ്പോള്‍ പീറ്റര്‍ മുഖര്‍ജി ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചു. കേസിന്റെ വിചാരണ നടക്കുകയാണെന്നും അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രതി കഴിഞ്ഞ നാലുവര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജസ്റ്റിസ് നിതിന്‍ സാംബ്‌റെ നിരീക്ഷിച്ചു.

Update: 2020-02-06 18:40 GMT

മുംബൈ: ഷീന ബോറ വധക്കേസില്‍ മുന്‍ 'സ്റ്റാര്‍ ഇന്ത്യ' മേധാവി പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം. പ്രതിയ്‌ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന വാദം അംഗീകരിച്ചാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, അല്‍പസമയത്തിനുള്ളില്‍തന്നെ ജാമ്യം നല്‍കിയുള്ള ഉത്തരവ് കോടതി സ്റ്റേ ചെയ്തു. സിബിഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവ് ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. സിബിഐയ്ക്ക് സുപ്രിംകോടതിയെ സമീപിക്കാനുള്ള സമയവും അനുവദിച്ചു. കൊലപാതകം നടക്കുമ്പോള്‍ പീറ്റര്‍ മുഖര്‍ജി ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചു. കേസിന്റെ വിചാരണ നടക്കുകയാണെന്നും അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രതി കഴിഞ്ഞ നാലുവര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജസ്റ്റിസ് നിതിന്‍ സാംബ്‌റെ നിരീക്ഷിച്ചു.

ഷീന ബോറയെ കൊല്ലാന്‍ പീറ്റര്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു. ഇ- മെയില്‍ വിവരങ്ങള്‍ പരിശോധിച്ച കോടതി, പീറ്റര്‍ മുഖര്‍ജിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും കുറ്റകൃത്യമുണ്ടായിട്ടുണ്ടോയെന്ന് അനുമാനിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് രണ്ടുലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ച് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ കഴിയുമ്പോള്‍ മക്കളായ രാഹുല്‍ മുഖര്‍ജി, വിദി മുഖര്‍ജി എന്നിവരുമായും കേസിലെ സാക്ഷികളുമായും ഒരുതരത്തിലും സമ്പര്‍ക്കം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ പീറ്ററിന്റെ ജാമ്യഹരജി സിബിഐ പ്രത്യേക കോടതി തള്ളിയിരുന്നു.

തെളിവില്ലെന്ന് കാണിച്ചാണ് വീണ്ടും ഇയാള്‍ ജാമ്യഹരജി സമര്‍പ്പിച്ചത്. ഷീന ബോറ കൊലക്കേസില്‍ 2015 നവംബര്‍ 19നാണ് പീറ്റര്‍ മുഖര്‍ജി അറസ്റ്റിലാവുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ മുന്‍ ഭാര്യ ഇന്ദ്രാണി മുഖര്‍ജി, സഞ്ജീവ് ഖന്ന എന്നിവര്‍ക്കൊപ്പം പീറ്റര്‍ മുഖര്‍ജിക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ വാദം. 2012 ഏപ്രിലില്‍ ഇന്ദ്രാണിയുടെ ആദ്യ ജീവിതപങ്കാളിയിലെ മകള്‍ ഷീന ബോറയെ, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകനുമായുള്ള ഷീനയുടെ അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ നിഗമനം. 

Tags:    

Similar News