ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക; കേന്ദ്രമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു

കഴിഞ്ഞ 10 മാസമായി കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തത് മനുഷ്യത്വരഹിതമായ നടപടിയാണ്. ശമ്പളം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞമാസം കേരളത്തില്‍ രണ്ട് കരാര്‍ തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്.

Update: 2019-11-29 10:25 GMT

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിലെ കരാര്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക കരാറുകാരുടെ ഉത്തരവാദിത്തമാണെന്ന നിലയില്‍ ചിത്രീകരിക്കുന്ന കേന്ദ്ര മന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കെകെ രാഗേഷ് എംപി. കരാര്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണംമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 മാസമായി കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തത് മനുഷ്യത്വരഹിതമായ നടപടിയാണ്. ശമ്പളം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞമാസം കേരളത്തില്‍ രണ്ട് കരാര്‍ തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്. രാജ്യമെമ്പാടും 10 കരാര്‍ തൊഴിലാളികള്‍ ഇതിനകം ആത്മഹത്യചെയ്തുവെന്നും എന്നിട്ടും തൊഴിലാളികളുടെ ദൈന്യത കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും രാഗേഷ് രാജ്യസഭയില്‍ പറഞ്ഞു.

വന്‍തോതില്‍ ജീവനക്കാരെയും തൊഴിലാളികളെയും പിരിച്ചുവിടുന്ന നടപടിയും ബിഎസ്എന്‍എല്ലില്‍ നടക്കുന്നുണ്ടെന്നും 80 ശതമാനം ജീവനക്കാരെയും 50 ശതമാനം കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാനാണ് ബിഎസ്എന്‍എല്ലിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇവരെയൊക്കെ പിരിച്ചുവിട്ട് കമ്പനി അടച്ചുപൂട്ടാനാണോ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ബിഎസ്എന്‍എല്ലിന്റെ ആരംഭകാലം മുതല്‍ വിവിധ ജോലികള്‍ ചെയ്തുവന്ന കരാര്‍ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തൊഴിലാളികളുടെ ഒന്നടങ്കമുള്ള ആത്മഹത്യയ്ക്ക് രാജ്യം സാക്ഷിയാകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Similar News