ഭീമ കൊറെഗാവ് കേസ്: ജയിലിന് അകത്ത് നടക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളി
മുംബൈ: ജയില്‍ കോംപൗണ്ടില്‍ നടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമ കൊറെഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ് നല്‍കിയ അപേക്ഷ കോടതി തള്ളി. നിരവധി രോഗങ്ങളുള്ള തന്നെ രാവിലെയും വൈകീട്ടും ഓരോ മണിക്കൂര്‍ വീതം ജയില്‍ കോപൗണ്ടില്‍ നടക്കാന്‍ അനുവദിക്കണമെന്നായിരുന്നു അഡ്വ. സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ആവശ്യം. തന്നെ പൂട്ടിയിട്ടിരിക്കുന്ന ബാരക്കില്‍ നിരവധി തടവുകാരുണ്ടെന്നും ശുദ്ധവായുവും വെളിച്ചവും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ അപേക്ഷയെ തലോജ ജയില്‍ അധികൃതര്‍ എതിര്‍ത്തു. നിരവധി കൊടുംക്രിമിനലുകള്‍ ഉള്ള ജയിലില്‍ സുരേന്ദ്രയെ പുറത്തുവിടുന്നത് അപകടം വിളിച്ചുവരുത്തുമെന്നാണ് അവര്‍ വാദിച്ചത്. തുടര്‍ന്നാണ് അപേക്ഷ തള്ളി ഉത്തരവായത്.