ഉപതിരഞ്ഞെടുപ്പ് ഫലം; ബിജെപിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടു, വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞു
ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍മുന്നേറ്റത്തിനു ശേഷം ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായതായാണ് ഫലം തെളിയിക്കുന്നത്. ത്രിപുരയിലെ ബാദര്‍ഘട്ടും ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരും ബിജെപി ജയിച്ചപ്പോള്‍ ചത്തീസ്ഗഡിലെ ദന്തേവാഡ മണ്ഡലം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു.
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍മുന്നേറ്റത്തിനു ശേഷം ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായതായാണ് ഫലം തെളിയിക്കുന്നത്. ത്രിപുരയിലെ ബാദര്‍ഘട്ടും ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരും ബിജെപി ജയിച്ചപ്പോള്‍ ചത്തീസ്ഗഡിലെ ദന്തേവാഡ മണ്ഡലം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന്റെ 54 വര്‍ഷത്തെ കുത്തക തകര്‍ത്ത് എന്‍സിപി ജയിച്ചു കയറി.
ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ മൂന്നും ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ഇതില്‍ രണ്ടെണ്ണം മാത്രമേ നിലനിര്‍ത്താനായുള്ളു. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് ശതമാനം കുത്തനെ ഇടിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ബാദര്‍ഘട്ട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മിമി മജുംദാര്‍ സിപിഎമ്മിലെ ബുത്തി കര്‍മാക്കറിനെ 5,276 വോട്ടിനാണു പരാജയപ്പെടുത്തിയത്. ഇവിടെ ബിജെപിയുടെ വോട്ട് വിഹിതം 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ 53.8 ശതമാനത്തില്‍ നിന്ന് 44.6 ശതമാനമാനമായി കുറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഈ മണ്ഡലത്തില്‍ 52 ശതമാനത്തോളം വോട്ട് കിട്ടിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സിപിഎമ്മിന്റെ പ്രകടനം ഇവിടെ മെച്ചപ്പെട്ടു. മണ്ഡലത്തില്‍ സിപിഎം കോണ്‍ഗ്രസില്‍ നിന്ന് രണ്ടാം സ്ഥാനം പിടിച്ചെടുത്തു. ബിജെപി നേതാവ് ദിലീപ് സര്‍ക്കാര്‍ ഏപ്രിലില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ചത്തീസ്ഗഡിലെ ദന്തേവാഡയായിരുന്നു ഉപതിരഞ്ഞെടുപ്പുകളിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലം. മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് രാഷ്ട്രീയനേതാക്കളുടെ ഭാര്യമാരാണ് ഇവിടെ ഏറ്റുമുട്ടിയത്. ബിജെപി നേതാവ് ഭീമ മാണ്ഡവിയുടെ ഭാര്യ ഓജസ്വി മാണ്ഡവിയും കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മയുടെ ഭാര്യ ദേവതി കര്‍മയുമാണ് മരിച്ചത്. ദേവതി കര്‍മ 11,000 വോട്ടിനാണ് ഇവിടെ ജയിച്ചത്.
ഭീമ മാണ്ഡവി മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ബിജെപിയുടെ യുവരാജ് സിങ് സമാജ്‌വാദി പാര്‍ട്ടിയുടെ മനോജ് കുമാര്‍ പ്രജാപതിയെയാണ് തോല്‍പ്പിച്ചത്. 17,867 വോട്ടാണ് ഭൂരിപക്ഷം. ജയിച്ചെങ്കിലും ബിജെപിയുടെ വോട്ടുകള്‍ 44.5 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഇടിഞ്ഞു.
എന്‍സിപി അട്ടിമറി ജയം നേടിയ പാലാ ഉപതിരഞ്ഞെടുപ്പിലും ബിജെപി വോട്ടുകള്‍ കുത്തനെ ഇടിഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24,821 വോട്ടും 2019ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ 26,000 വോട്ടും നേടിയ ബിജെപിക്ക് ഇത്തവണ 18,000ഓളം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. 2016നെ അപേക്ഷിച്ച് അഞ്ച് ശതമാനം വോട്ടുകളാണ് കുറഞ്ഞത്.