17ാം ലോക്‌സഭയിലെ ബേബിയായി ചന്ദ്രാണി മുര്‍മു
25 വയസ്സും പതിനൊന്നുമാസവും ഒമ്പതുദിവസവുമാണ് ചന്ദ്രാണിയുടെ പ്രായം. ഗോത്രവര്‍ഗ ഭൂരിപക്ഷ മേഖലയായ ക്യോഝാര്‍ മണ്ഡലത്തില്‍ നിന്നാണ് മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്.
ഭുവനേശ്വര്‍: 17ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി ഒഡിഷയില്‍നിന്നുള്ള ബിജു ജനതാദള്‍ എംപി ചന്ദ്രാണി മുര്‍മു. 25 വയസ്സും പതിനൊന്നുമാസവും ഒമ്പതുദിവസവുമാണ് ചന്ദ്രാണിയുടെ പ്രായം. ഗോത്രവര്‍ഗ ഭൂരിപക്ഷ മേഖലയായ ക്യോഝാര്‍ മണ്ഡലത്തില്‍ നിന്നാണ് മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടുവട്ടം എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബിജെപിയുടെ അനന്ത നായക്കിനെയാണ് ചന്ദ്രാണി പരാജയപ്പെടുത്തിയത്. 66,203 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രാണിയുടെ വിജയം. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ് ഇവര്‍. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ജോലിക്കുള്ള അന്വേഷണത്തിലായിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടുകയായിരുന്നുവെന്ന് ചന്ദ്രാണി പറഞ്ഞു.
മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പ്രഥമപരിഗണനയെന്ന് മാധ്യമങ്ങളോടു സംസാരിക്കവേ ചന്ദ്രാണി പറഞ്ഞു. പുത്തന്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.