സ്‌കൂളില്‍ ക്രിസ്തീയ പ്രാര്‍ത്ഥന; പ്രിന്‍സിപ്പലിനെ തല്ലി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
നാസിക്ക്: മഹാരാഷ്ട്രയിലെ തലേഗാവില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. വിദ്യാര്‍ഥികളോട് ക്രിസ്തീയ പ്രാര്‍ഥന ചൊല്ലാന്‍ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സ്‌കൂളില്‍ പ്രഭാത അസംബ്ലിക്കിടെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലിയതിനെതുടര്‍ന്ന് പ്രിന്‍സിപ്പലിനെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ നൂറോളം വരുന്ന സംഘം സ്‌കൂളിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പൂനൈയിലെ തലേഗാവ് ദബാഡെ ടൗണിലെ ഡി വൈ പാട്ടീല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ അലക്‌സാണ്ടര്‍ കോട്‌സ് റീഡിനെയാണ് ആക്രമിച്ചത്.'ഹര്‍ ഹര്‍ മഹാദേവ്' എന്ന് ആക്രോശിച്ച് പ്രവര്‍ത്തകര്‍ പിന്തുടരുന്ന വിഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രിന്‍സിപ്പലിനെ വസ്ത്രങ്ങള്‍ കീറിയ ശേഷവും ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് തലേഗാവ് പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.