സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ ഈദ് ദിനത്തില്‍ വീടുകളുടെ മുകളില്‍ നമസ്‌കാരം നടത്തരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സമാധാന കമ്മിറ്റിയെന്ന പേരില്‍ എഎസ്പി ശിരീഷ് ചന്ദ്രയുടെയും എസ്ഡിഎം വന്ദനാ മിശ്രയുടെയും സര്‍ക്കിള്‍ ഓഫിസര്‍ അനൂജ് ചൗധരിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
'' എല്ലാ മതങ്ങളുടെയും സമുദായങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത സമാധാന സമിതി യോഗം കോട്‌വാലിയില്‍ ചേര്‍ന്നു. വെള്ളവും വൈദ്യുതിയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും. സംഭലിനെ വിവിധ സോണുകളായി വേര്‍തിരിച്ച നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. വീടുകളുടെ മുകളില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കും. തെറ്റായ രീതിയില്‍ നമസ്‌കരിക്കാന്‍ ആരെയും അനുവദിക്കില്ല.''-എഎസ്പി പറഞ്ഞു.
വെള്ളവും വൈദ്യതിയുമായി ബന്ധപ്പെട്ട പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വന്ദനാ മിശ്ര പറഞ്ഞു. ഉച്ച ഭാഷിണികള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. റമദാനിലെ അവസാന വെള്ളിയാഴ്ച്ച മാര്‍ച്ച് 28നും നവരാത്രി ആഘോഷം 30നും ഈദ് 31നുമാണെന്നും വന്ദനാ മിശ്ര പറഞ്ഞു. ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ വീട്ടിലിരുന്ന് നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടവരാണ് ഇപ്പോള്‍ മറ്റൊരു നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.