പൗരത്വപ്രക്ഷോഭം: അനുമതിയില്ല; രാജ്ഘട്ടില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് റാലി തിങ്കളാഴ്ചത്തേക്ക് മാറ്റി

പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി ഞായറാഴ്ച നടക്കുന്നതിനാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചത്. അതുകൊണ്ട് ഞായറാഴ്ച രാജ്ഘട്ടില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് റാലി തിങ്കളാഴ്ചത്തേക്ക് മാറ്റി.

Update: 2019-12-21 19:18 GMT

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ കോണ്‍ഗ്രസ് ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി ഞായറാഴ്ച നടക്കുന്നതിനാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചത്. അതുകൊണ്ട് ഞായറാഴ്ച രാജ്ഘട്ടില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് റാലി തിങ്കളാഴ്ചത്തേക്ക് മാറ്റി. പൗരത്വ നിയമഭേദഗതിക്കെതിരേ രാജ്ഘട്ടില്‍ ഞായറാഴ്ച ആറ് മണിക്കൂര്‍ പ്രതിഷേധ സമരം നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 വരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തും. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, രാജ്യത്തെ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിനായി സ്വേച്ഛാധിപത്യപരമായ നടപടികളാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിജീവികള്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റുചെയ്യുന്ന നടപടിയെയും പ്രിയങ്ക വിമര്‍ശിച്ചു. എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. ഭരണഘടനയ്‌ക്കെതിരായ ഒരു നീക്കവും ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കില്ല. പ്രതിഷേധക്കാര്‍ക്കെതിരേ സര്‍ക്കാര്‍ അക്രമം നടത്തുകയാണ്. മഹാത്മാഗാന്ധിയുടെ പാതയിലൂടെ സത്യത്തിന്റെയും അഹിംസയുടെയും വഴി ജനങ്ങള്‍ പിന്തുടരണം. ഭരണഘടനയെ സംരക്ഷിക്കണമെന്നും പ്രിയങ്ക ഗാന്ധി പ്രസ്താവനയില്‍ അറിയിച്ചു. 

Tags:    

Similar News