കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഗണേശ ചതുര്‍ഥി ആഘോഷത്തിനിടെ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്, കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു

Update: 2024-09-12 06:05 GMT

മംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഗണേശ ചതുര്‍ഥി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസ് ലാത്തി വീശി. അക്രമികള്‍ നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യാന്‍ പോകുന്നതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.ഗണേഷ വിഗ്രഹങ്ങളുമായി ബദരികോപ്പലുവില്‍ നിന്നും ആളുകള്‍ നിമഞ്ജനത്തിനായി പോകുന്നതിനിടെ കല്ലേറുണ്ടായെന്നും ഇത് തൊട്ടടുത്ത പള്ളിയില്‍ നിന്നാണെന്ന് ആരോപിച്ചാണ് പ്രശ്‌നം അരങ്ങേറിയത്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആളുകള്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഘോഷയാത്രക്കിടെ രണ്ട് സമുദായങ്ങളിലെ ആളുകള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്ന് മാണ്ഡ്യ എസ്.പി മല്ലികാര്‍ജുന്‍ ബാലന്‍ഡി പറഞ്ഞു. ഒരുപാട് ആളുകള്‍ കൂട്ടംകൂടിയതിനാല്‍ അവരെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തേണ്ടി വന്നു. പിന്നീട് ഗണേഷ ചതുര്‍ഥിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടാവുകയായിരുന്നു. അക്രമികള്‍ ചില കടകളും ബൈക്കുകളും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്.ഒഴുക്കാനായി കൊണ്ടുപോയ ഗണേഷ വിഗ്രഹങ്ങള്‍ താല്‍ക്കാലികമായി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Tags:    

Similar News