സാമ്പത്തികരംഗത്ത് രാജ്യം അഭിമുഖീകരിക്കുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടായ ദുരന്തം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ക്കുറിച്ച് കാലേക്കൂട്ടി ഇന്ത്യയിലെ സാമ്പത്തികവിദഗ്ധന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സര്‍ക്കാര്‍ അതിന് നേരെ മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു. അതോടൊപ്പംതന്നെ നോട്ടുനിരോധനത്തിന്റെയും ചരക്കുസേവന നികുതിയുടെയും കാര്യത്തില്‍ പറ്റിയ പാളിച്ചകള്‍ പ്രകടമായി പുറത്തുവന്നിട്ടും സ്വയം ആത്മപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

Update: 2019-12-02 15:26 GMT

ന്യൂഡല്‍ഹി: മനുഷ്യനിര്‍മിത ദുരന്തം പോലെ സാമ്പത്തികരംഗത്ത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടായ ദുരന്തമാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇതിനെ സമഗ്രമായും കൃത്യതയോടുംകൂടി നേരിട്ടുകൊണ്ടുള്ള പരിഹാരം കാണുന്നതിന് പകരം ആലങ്കാരിക ചികില്‍സകൊണ്ട് കാര്യമില്ലെന്നും ഇ ടി പറഞ്ഞു. നികുതി ഭേദഗതി നിയമത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സാമ്പത്തികരംഗത്ത് കാണുന്ന മാന്ദ്യം താല്‍ക്കാലികമാണെന്നും അതു കൊണ്ട് മനോവീര്യവും ആത്മവിശ്വാസവും തകരാതെ സൂക്ഷിക്കണമെന്നും മൂന്ന് കേന്ദ്രമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ വ്യവസായികളോട് ആഹ്വാനം ചെയ്യുകയുണ്ടായി. എന്നാല്‍, രാജ്യമാകെ ഇന്നത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് വിലപിക്കുന്ന ഒരു സാഹചര്യത്തില്‍ വ്യവസായികളോട് ആശ്വാസവാക്കുകള്‍ നല്‍കിയതുകൊണ്ട് കാര്യമില്ല.

ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ക്കുറിച്ച് കാലേക്കൂട്ടി ഇന്ത്യയിലെ സാമ്പത്തികവിദഗ്ധന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സര്‍ക്കാര്‍ അതിന് നേരെ മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു. അതോടൊപ്പംതന്നെ നോട്ടുനിരോധനത്തിന്റെയും ചരക്കുസേവന നികുതിയുടെയും കാര്യത്തില്‍ പറ്റിയ പാളിച്ചകള്‍ പ്രകടമായി പുറത്തുവന്നിട്ടും സ്വയം ആത്മപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അന്ന് സര്‍ക്കാര്‍ സ്വപ്‌നലോകത്ത് ജീവിക്കുകയായിരുന്നു. അതിന്റെ പ്രത്യാഘാതമാണ് ഇന്ന് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ കോര്‍പറേറ്റുകള്‍ക്ക് സഹായം ചെയ്തുകൊണ്ട് രാജ്യത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ല. കോര്‍പറേറ്റുകള്‍ സ്വയം സൃഷ്ടിക്കുന്ന വലിയ തട്ടിപ്പിന്റെ ഇരകളായി രാജ്യം മാറുകയാണ്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസത്തെ കണക്കുകളെടുത്ത് പരിശോധിച്ചാല്‍ 26,757 കോടിയുടെ കോര്‍പറേറ്റ് തട്ടിപ്പ് നടന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

വന്‍കിട കമ്പനികളുടെ ദീര്‍ഘകാല ഭീമമായ വായ്പ കിട്ടാക്കടമായി കണക്കാക്കിവച്ചിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ബഷീര്‍ ചൂണ്ടിക്കാട്ടി. അഴിമതി വ്യാപകമായിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ഫലപ്രദമായ ധനകാര്യ മാനേജ്‌മെന്റ് നടത്തുന്നതിന് പകരം നിഷ്ഫലമായ രാഷ്ട്രീയ അജണ്ടവച്ച് മുന്നോട്ടുപോവുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ വില്‍പ്പനയ്ക്കുവച്ചിരിക്കുകയാണ്. ബിഎസ്എന്‍എല്ലിനെ തകര്‍ത്ത് സ്വകാര്യടെലികോം കമ്പനികളെ വളര്‍ത്താന്‍ സര്‍ക്കാന്‍ നേതൃത്വം നല്‍കുന്നു. ഇതിന്റെ ഫലമായി രാജ്യത്തെ മുന്ന് സ്വകാര്യകമ്പനികള്‍ ഒറ്റയടിക്ക് 45 ശതമാനം വരെ ചാര്‍ജ് വര്‍ധിപ്പിച്ചു. ഇന്ത്യയിലെ ടെലികോം കമ്പനികളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ചാര്‍ജ് വര്‍ധനയാണിത്. റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടക്കം എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും സര്‍ക്കാര്‍ വില്‍ക്കാന്‍വച്ചിരിക്കുകയാണ്. അവസാനമായി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആറ് പുതിയ വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവല്‍ക്കരിക്കാന്‍വേണ്ടി തീരുമാനിച്ചിരിക്കുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News