കൊവിഡ് 19 പ്രതിരോധം: വളണ്ടിയര്‍ കേഡറ്റുകളുടെ സേവനം വാഗ്ദാനംചെയ്ത് എന്‍സിസി
ഹെല്പ് ലൈന്‍/ കോള്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം, ഭക്ഷണം, മരുന്നുകള്‍ എന്നിവ ഉള്‍പ്പടെയുള്ള അവശ്യദുരിതാശ്വാസ സാധനങ്ങളുടെ വിതരണം, വിവിധ വിഭാഗങ്ങള്‍ക്കുള്ള സഹായം, ഡാറ്റാ മാനേജ്‌മെന്റ്, ക്യൂ, ട്രാഫിക് നിയന്ത്രണം എന്നീ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനായിരിക്കും ഇവരെ നിയോഗിക്കുക.
ന്യൂഡല്‍ഹി: കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഭരണകൂടങ്ങള്‍ക്ക് സഹായഹസ്തവുമായി നാഷനല്‍ കേഡറ്റ് കോര്‍പസ് (എന്‍സിസി). 'എക്‌സര്‍സൈസ് എന്‍സിസി യോഗ്ദാന്‍' പരിപാടിയിലൂടെയാണ് കേഡറ്റുകളുടെ സഹായം എന്‍സിസി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായി കേഡറ്റുകളെ താല്‍ക്കാലികമായി നിയമിക്കാനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കൊവിഡ് മഹാമാരിയെ നേരിടുന്ന വിവിധ ഏജന്‍സികളെ സഹായിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കേഡറ്റുകളെ പങ്കാളികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ഹെല്പ് ലൈന്‍/ കോള്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം, ഭക്ഷണം, മരുന്നുകള്‍ എന്നിവ ഉള്‍പ്പടെയുള്ള അവശ്യദുരിതാശ്വാസ സാധനങ്ങളുടെ വിതരണം, വിവിധ വിഭാഗങ്ങള്‍ക്കുള്ള സഹായം, ഡാറ്റാ മാനേജ്‌മെന്റ്, ക്യൂ, ട്രാഫിക് നിയന്ത്രണം എന്നീ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനായിരിക്കും ഇവരെ നിയോഗിക്കുക. എന്നാല്‍, ക്രമസമാധാന പാലനം, സൈനിക ഉത്തരവാദിത്തങ്ങള്‍, കൊവിഡ് കൂടുതല്‍ ബാധിച്ചിരിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളിലെ സേവനം എന്നിവയ്ക്ക് ഇവരെ ചുമതലപ്പെടുത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
18 വയസിനു മുകളില്‍ പ്രായമുള്ള സീനിയര്‍ ഡിവിഷന്‍ വളണ്ടിയര്‍ കേഡറ്റുകളെ മാത്രമേ ഇതിനായി നിയോഗിക്കാവൂ. ഒരു പെര്‍മനന്റ് ഇന്‍സ്ട്രക്ടര്‍ സ്റ്റാഫ് അല്ലെങ്കില്‍ ഒരു അസോസിയേറ്റ് എന്‍സിസി ഓഫിസറുടെ കീഴില്‍, 8 മുതല്‍ 20 പേരടങ്ങിയ ചെറിയ സംഘങ്ങളായി വേണം ഇവരെ നിയമിക്കേണ്ടത്. വളണ്ടിയര്‍ കേഡറ്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ, സംസ്ഥാന- ജില്ലാ ഭരണകൂടങ്ങള്‍ സംസ്ഥാന എന്‍സിസി ഡയറക്ടറേറ്റുകള്‍ വഴി അയക്കേണ്ടതാണ്.