കൊവിഡ് രോഗിയെ നഴ്‌സ് ബലാല്‍സംഗം ചെയ്ത് കൊന്നു
ഒരുമാസം മുമ്പാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലിസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്. കൊവിഡ് ബാധിച്ച് ഭോപാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞ 43കാരിയായ സ്ത്രീയാണ് ബലാല്‍സംഗത്തിനിരയായത്.
ഭോപാല്‍: കൊവിഡ് രോഗിയെ പുരുഷ നഴ്‌സ് ബലാല്‍സംഗം ചെയ്ത് കൊന്നു. മധ്യപ്രദേശിലെ ഭോപാലിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണസംഭവമുണ്ടായത്. ഏപ്രില്‍ ആറിനാണ് ഇവര്‍ ബലാല്‍സംഗത്തിനിരയാവുന്നത്. ഒരുമാസം മുമ്പാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലിസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്. കൊവിഡ് ബാധിച്ച് ഭോപാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞ 43കാരിയായ സ്ത്രീയാണ് ബലാല്‍സംഗത്തിനിരയായത്. തുടര്‍ന്ന് ഇവര്‍ സംഭവത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു.
പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും 24 മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടങ്ങി. ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ നഴ്‌സായ 40കാരന്‍ സന്തോഷ് അഹിര്‍വാറിനെ പോലിസ് അറസ്റ്റുചെയ്തത്. നിഷാദ്പുര പോലിസാണ് സംഭവത്തില്‍ കേസെടുത്തത്. ഭോപാല്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇയാളുടെ വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നാണ് പോലിസ് പറയുന്നത്. തന്റെ പേര് പുറത്തുപറയരുതെന്ന് യുവതി പോലിസിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് ഇക്കാര്യം ആരോടും വെളിപ്പെടുത്തരുതെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇര്‍ഷാദ് വാലി പറഞ്ഞു. അതുകൊണ്ടാണ് അന്വേഷണസംഘം ഒഴികെ മറ്റാരുമായും വിവരങ്ങള്‍ പങ്കിടാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ ആശുപത്രിയിലെ മറ്റൊരു നഴ്‌സായ 24കാരിയെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും ജോലി സമയത്ത് മദ്യപിച്ചതിന് ഇയാളെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരേ പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ ക്രൂരകൃത്യത്തിനെതിരേ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നാണ് ബിഎംഎച്ച്ആര്‍സി മാനേജ്‌മെന്റിന്റെ വിശദീകരണം. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സംഭവങ്ങളെക്കുറിച്ച് പോലും അറിയിക്കാത്തതിന്റെ കാരണം അതാണ്. എല്ലാ കൊവിഡ് വാര്‍ഡുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കല്‍, ലൈംഗിക കുറ്റവാളികളെ ആശുപത്രികള്‍ നിയമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തല്‍ എന്നിവ അവളുടെ മരണം സംബന്ധിച്ച് അന്വേഷണ റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.