ഒമിക്രോണ്‍: ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ മുംബൈ സ്വദേശി നിരീക്ഷണത്തില്‍
മുംബൈ: ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ മുംബൈ സ്വദേശിക്ക് ഒമിക്രോണ്‍ വകഭേദമെന്ന് സംശയം. ഇയാളെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈയിലെത്തിയത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍നിന്ന് ദുബയ്- ന്യൂഡല്‍ഹി വഴി മുംബൈയിലെത്തിയ 32 കാരനായ യുവാവിനാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ പരിശോധനയ്ക്ക് ഇയാളുടെ സാംപിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
മര്‍ച്ചന്റ് നേവി എന്‍ജിനീയറായ ഇയാള്‍ മുംബൈയിലെ ഡോംബിവ്‌ലി പ്രദേശത്തെ താമസക്കാരനാണ്. നവംബര്‍ 24നാണ് ഇന്ത്യയിലെത്തുന്നത്. ഡല്‍ഹിയില്‍ സാംപിള്‍ നല്‍കിയശേഷം മുംബൈയിലേക്കുള്ള കണക്ഷന്‍ വിമാനത്തില്‍ കയറുകയായിരുന്നു. മുംബൈയിലെത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രോഗലക്ഷണങ്ങളില്ലാത്ത അദ്ദേഹം വീട്ടില്‍തന്നെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
പിന്നീട് കോര്‍പറേഷന്‍ അധികൃതര്‍ അദ്ദേഹത്തെ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഐസൊലേഷന്‍ റൂമില്‍ ക്വാറന്റൈന്‍ ചെയ്തു- കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പറേഷന്റെ (കെഡിഎംസി) ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രതിഭാ പന്‍പാട്ടീല്‍ പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ സഹോദരന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. മറ്റ് കുടുംബാംഗങ്ങളുടെ സാംപിളുകള്‍ തിങ്കളാഴ്ച ശേഖരിക്കും.