ജാമ്യത്തിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ വൈകി; ആര്യന്‍ഖാന് പുറത്തിറങ്ങാനായില്ല
മുംബൈ: ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പുറത്തിറങ്ങാനായില്ല. വെള്ളിയാഴ്ച വൈകീട്ട് തന്നെ ആര്യന് പുറത്തിറങ്ങാന്‍ കഴിയുമെന്ന് കരുതിയിരുന്നത്. എന്നാല്‍, ജാമ്യത്തിന്റെ പകര്‍പ്പ് ജയിലില്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ജാമ്യ ഉത്തരവ് ഇന്ന് വൈകുന്നേരം 5:30 നുള്ളില്‍ ഹാജരാക്കണമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവ് ജയിലിലെത്തിക്കാന്‍ വൈകിയതാണ് മോചനത്തിന് തടസ്സമായത്. ശനിയാഴ്ച ആര്യന്‍ ജയില്‍ മോചിതനായേക്കുമെന്നാണ് റിപോര്‍ട്ട്. ആര്യന് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് ജയില്‍ സുപ്രണ്ട് പ്രതികരിച്ചു.
ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യന്‍ ഖാനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവിറക്കിയത്. ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗളയാണ്. ഒരുലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ജൂഹി ചൗളയാണ് ഒപ്പുവച്ചത്. ഇതിനായി പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച വൈകീട്ടോടെ ജൂഹി ചൗളയെത്തി. ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഉത്തരവ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണു പുറത്തുവന്നത്. ഉടന്‍തന്നെ ഉത്തരവുമായി ആര്യന്‍ഖാന്റെ അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ചു.
ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവച്ചു. ആര്യനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍ നേരിട്ട് ജയിലിലെത്തിയിരുന്നു. ജയിലിനു പുറത്തും വസതിയായ മന്നത്തിന് മുന്നിലും ഷാറൂഖിന്റെ നൂറുകണക്കിന് ആരാധകരും തടിച്ചുകൂടി. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫിസിലെത്തി ഒപ്പുവയ്ക്കണമെന്നാണ് നിര്‍ദേശം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം തുടങ്ങി വിശദമായ ജാമ്യവ്യവസ്ഥകളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.