സ്ത്രീകൾ ലഹരി ഉപയോഗിച്ചാണ് തെരുവുകളിൽ പ്രതിഷേധിക്കുന്നതെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷൻ
കുറച്ചു ദിവസങ്ങളായി സ്ത്രീകള്‍ പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ ലഹരി ഉപയോഗിച്ച് ഇരിക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
കൊൽക്കത്ത: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കെതിരേ ആരോപണവുമായി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. തെരുവുകളിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ ലഹരി ഉപയോഗിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ടാഗോറിന്റെ ഗാനങ്ങളിലെ വരികള്‍ വളച്ചൊടിച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.
'വീഡിയോയില്‍ അന്തസ്സില്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ ചില യുവതികള്‍ ആത്മാഭിമാനം, അന്തസ്സ്, സംസ്‌കാരം, ധാര്‍മ്മികത എന്നിവ മറക്കുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നാല്‍ ഇത് സമൂഹത്തിന്റെ അപചയമാണെന്ന് ദീലീപ് ഘോഷ് പറഞ്ഞു.
കുറച്ചു ദിവസങ്ങളായി പ്രതിഷേധം സംഘടിപ്പിക്കുകയും സ്ത്രീകള്‍ അത്തരം പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ ലഹരി ഉപയോഗിച്ച് ഇരിക്കുകയും ദിവസം മുഴുവന്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. സമൂഹം എവിടേക്കാണ് പോകുന്നതെന്ന് നാം ആത്മപരിശോധന നടത്തണമെന്നും ദീലീപ് ഘോഷ് കൂട്ടിച്ചേർത്തു. രക്ഷിതാക്കൾ, കോളേജുകളിലെ അധികാരികൾ, സ്കൂളുകൾ, വിദ്യാഭ്യാസ മന്ത്രി എന്നിവർ സമൂഹത്തിലെ ഈ അപചയത്തെക്കുറിച്ച് ചിന്തിക്കണമെന്നും ഘോഷ് അഭിപ്രായപ്പെട്ടു.
അതേസമയം, ദിലീപ് ഘോഷിന്റെ പ്രസ്താവനയ്‌ക്കെതിരേ വന്‍പ്രതിഷേധമാണ് ഉയരുന്നത്. ഘോഷിന്‍റെ പ്രസ്താവന സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും അവരോടുള്ള അനാദരവാണിതെന്നും പശ്ചിമ ബംഗാൾ നഗരവികസന മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്ത്രീകളെയും അപമാനിക്കാനാണ് അന്താരാഷ്ട്ര വനിതാ ദിനം ഘോഷ് തെരഞ്ഞെടുത്തതെന്നും ഹക്കീം ആരോപിച്ചു.