ആറുദിവസം കൊണ്ട് 1.3 കോടി കാഴ്ച്ചക്കാർ; തരംഗമായി എഞ്ചോയ് എഞ്ചാമി
''ഞങ്ങളുടെ പൂര്‍വ്വികരിലേക്കുള്ള തിരിഞ്ഞു നോട്ടം, നമ്മുടെ വേരുകളിലേക്കുള്ള ആഘോഷം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മള്‍ മറന്നുപോയ കാര്യങ്ങളുടെ ഒരു തിരിച്ചുവിളിക്കല്‍ ഇതെല്ലാമാണ് എന്‍ജോയ് എന്‍ജാമിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: അംബേദ്കറൈറ്റും ഗായകനും ഗാനരചയിതാവുമായ അറിവും ഗായിക ധീയും ആലപിച്ച റാപ് മ്യൂസിക് വീഡിയോ 'എഞ്ചോയ് എഞ്ചാമി' തരംഗമാകുന്നു. സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ നിര്‍മിച്ച മ്യൂസിക് വീഡിയോയില്‍ ധീയും അറിവും തന്നെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഞങ്ങളുടെ പൂര്‍വ്വികരിലേക്കുള്ള തിരിഞ്ഞു നോട്ടം, നമ്മുടെ വേരുകളിലേക്കുള്ള ആഘോഷം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മള്‍ മറന്നുപോയ കാര്യങ്ങളുടെ ഒരു തിരിച്ചുവിളിക്കല്‍ ഇതെല്ലാമാണ് എന്‍ജോയ് എന്‍ജാമിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആല്‍ബം ഇറങ്ങി ആറുദിവസത്തിനുള്ളില്‍ 1.3 കോടിയിലധികം പേരാണ് ഈ മ്യൂസിക് വീഡിയോ കണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ട്രെന്‍ഡിങ്ങ് ലിസ്റ്റിലും ഈ പാട്ട് ഇടം നേടിയിട്ടുണ്ട്. വരികള്‍ക്ക് മികച്ച രീതിയിലുള്ള നിരൂപക പ്രശംസയാണ് ലഭിക്കുന്നത്.
എആര്‍ റഹ്മാന്റെ മാജാ യൂട്യൂബ് ചാനലിലൂടെയാണ് മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി എആര്‍ റഹ്മാന്‍ ജനുവരിയില്‍ തുടങ്ങിയ യൂട്യൂബ് ചാനലാണ് മാജാ.
മ്യൂസിക് വീഡിയോ ലോഞ്ചിന് എൻജോയ് എഞ്ചാമിയുടെ ഗായകൻ തിരുക്കുറുൾ അറിവ് പറഞ്ഞത്:
"200 ആണ്ടുകൾക്ക് മുന്നേ നിലമറ്റ് ഈ മണ്ണിൽ ജീവിച്ച, മണ്ണിൽ ഉഴച്ചു കൊണ്ടേയിരുന്ന ഒരു ജനതയെ പട്ടിണി കാലത്ത് ശ്രീലങ്കയിലേക്ക് തേയിലത്തോട്ടത്തിൽ അടിമയായി ജോലി ചെയ്യാൻ കൊണ്ടു പോയിരുന്നു... മനുഷ്യന്‍റെ കാൽപാട് വീഴാത്ത ഘോരവനങ്ങൾ വെട്ടി അവർ നഗരങ്ങൾ ഉരുവാക്കി, വീടുകൾ കെട്ടി, ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന കാരണം അവിടെ തേയിലത്തോട്ടത്തിൽ ഇല പറിക്കുന്ന കൂലി തൊഴിലാളികളായിരുന്നു, തമിഴിൽ നിന്നും പോയവർ...
ശേഷം ഇവിടെ ജനസംഖ്യ അധികമാണ്.. നിങ്ങൾ ഇവിടുത്തുകാർ അല്ല എന്നൊക്കെ പറഞ്ഞ് അവർ എവിടെ നിന്നു വന്നോ അവിടേക്ക് തന്നെ അവരെ ആട്ടിപ്പായിച്ചു, തിരികെ നാട്ടിലെത്തിയപ്പോൾ അവർക്ക് തേയില നുള്ളുന്നതല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു അവർ ഇവിടുത്തെ മലയിടുക്കുകളിൽ അഭയംതേടി, ഊട്ടി, കൊടൈക്കനാൽ, ഗൂഡല്ലൂർ തുടങ്ങിയിടങ്ങളിൽ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തു.. അവിടെയും ജോലി നിഷേധങ്ങൾ നേരിട്ട് മറ്റു ജോലികൾ ചെയ്തു ഉഴച്ച് ഉഴച്ച് തൻ കുടുംബത്തെ രക്ഷിച്ച് മക്കളെ വളർത്തി ആളാക്കിയവർ... അതിൽ ഒരമ്മ..അവരുടെ പേര് വല്ലിയമ്മാൾ അവരാണെന്‍റെ മുത്തശ്ശി, അവരുടെ പേരക്കുട്ടിയാണ് ഞാൻ...അവരുടെ പാട്ടാണ് ഇത്, അവരുടെ കഥയാണ് ഇത്, അവരുടെ അധ്വാനമാണിത്...."
പാട്ടുകൾ സന്തോഷം നൽകുന്നവയാണ്. എന്നാൽ അവ നമ്മളെ ചിന്തിപ്പിക്കുമ്പോൾ അവയ്ക്ക് സൗന്ദര്യം കൂടുന്നു!..