6,500 കോടിയുടെ തട്ടിപ്പ്: പിഎംസി ബാങ്ക് മുന്‍ എംഡി ജോയ് തോമസ് അറസ്റ്റില്‍

ജോയ് തോമസിന്റെ സ്ഥാപനങ്ങളിലും വീടുകളിലും പോലിസ് വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ജോയ് തോമസാണെന്നാണു പോലിസിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന്റെ ഉടമകളും ജോയ് തോമസിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.

Update: 2019-10-04 19:38 GMT

മുംബൈ: സാമ്പത്തിക തട്ടിപ്പുകേസില്‍ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസിനെ അറസ്റ്റുചെയ്തു. 6,500 കോടി രൂപയുടെ തട്ടിപ്പുനടത്തിയെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മുംബൈ പോലിസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റുചെയ്തത്. ജോയ് തോമസിന്റെ സ്ഥാപനങ്ങളിലും വീടുകളിലും പോലിസ് വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. വ്യാജ അക്കൗണ്ട് വഴി അനധികൃതമായി വായ്പ അനുവദിച്ചത് ജോയ് തോമസാണെന്നാണു പോലിസിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന്റെ ഉടമകളും ജോയ് തോമസിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.

ബാങ്കിന്റെ 70 ശതമാനത്തിനലധികം വായ്പയും എച്ച്ഡിഐഎല്ലിന് മാത്രമായി നല്‍കിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇത് കിട്ടാക്കടമായി. ഇതിന് പിന്നില്‍ ജോയ് തോമസിനും മുന്‍ ബാങ്ക് ചെയര്‍മാന്‍ വാര്യം സിങ്ങിനും പങ്കുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍. പഞ്ചാബ് ആന്റ് മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പുകേസില്‍ എച്ച്ഡിഐഎല്ലിന്റെ രണ്ട് ഡയറക്ടര്‍മാര്‍ വ്യാഴാഴ്ചയാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 9 വരെ ഇവര്‍ ജയിലില്‍ തുടരും. വന്‍ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരുന്നതിനെതിരെയായിരുന്നു റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ എച്ച്ഡിഐഎല്ലിന്റെ ഡയറക്ടര്‍മാര്‍ക്കെതിരായ നടപടി. റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിക്ഷേപകര്‍ വലയുന്നതിനിടെയാണ് കേസില്‍ അറസ്റ്റിലേക്ക് പോലിസ് നീങ്ങിയത്.

ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8,880 കോടിയാണ്. ഇതില്‍ 6,500 കോടിയും എച്ച്ഡിഐഎല്ലിന് മാത്രമായി വഴിവിട്ടുനല്‍കിയെന്നാണ് അന്വേഷണത്തില്‍ പോലിസിന് വ്യക്തമായിരിക്കുന്നത്. ആകെ വായ്പയുടെ 20 ശതമാനം മാത്രമേ വായ്പ അനുവദിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ മറികടന്നായിരുന്നു ഇത്. എച്ച്ഡിഐഎല്ലിനുവേണ്ടി 21,000 വ്യാജ അക്കൗണ്ടുകളാണ് വായ്പ ലഭിക്കുന്നതിനായുണ്ടാക്കിയത്. റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനം വായ്പകള്‍ തിരിച്ചടയ്ക്കാതിരുന്നപ്പോഴും പിഎംസി ബാങ്ക് ഇക്കാര്യം വാര്‍ഷിക റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. 2008 മുതല്‍ 2019 ആഗസ്ത് വരെയുള്ള കാലയളവില്‍ പിഎംസി റിസര്‍വ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News