മദ്‌റസാ കോംപൗണ്ടില്‍ ക്ഷേത്രവും പള്ളിയും നിര്‍മിക്കുമെന്ന് ഹാമിദ് അന്‍സാരിയുടെ ഭാര്യ

ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥനയ്ക്കു വേണ്ടി പുറത്തേക്കു പോവേണ്ട സാഹചര്യം ഒഴിവാക്കാമെന്നും അവര്‍ പറഞ്ഞു

Update: 2019-07-15 12:08 GMT

അലിഗഢ്: രാജ്യത്തെ മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മദ്‌റസ കോംപൗണ്ടില്‍ ക്ഷേത്രവും മുസ്‌ലിം പള്ളിയും നിര്‍മിക്കുമെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മാ അന്‍സാരി. അലിഗഢില്‍ സല്‍മാ അന്‍സാരിയുടെ നേതൃത്വത്തില്‍ നടത്തുന്ന മദ്‌റസയിലാവും ക്ഷേത്രവും പള്ളിയും നിര്‍മിക്കുക. മദ്‌റസയിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ പൂര്‍ണമായും തനിക്കാണെന്നും അതിനാലാണ് മദ്‌റസ വളപ്പില്‍ ക്ഷേത്രവും പള്ളിയും നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും സല്‍മാ അന്‍സാരി പറഞ്ഞു. മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുകയും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ക്ഷേത്രവും പള്ളിയും നിര്‍മിക്കുന്നതിലൂടെ ഇന്ത്യയിലെ മറ്റു മദ്‌റസകള്‍ക്ക് ഇതൊരു മാതൃകയാവുമെന്നാണ് തന്റെ പ്രതീക്ഷ. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥനയ്ക്കു വേണ്ടി പുറത്തേക്കു പോവേണ്ട സാഹചര്യം ഒഴിവാക്കാമെന്നും അവര്‍ പറഞ്ഞു.ഉത്തര്‍പ്രദേശില്‍ സമീപകാലത്തായി മുസ്‌ലിംകള്‍ക്കെതിരേ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. താടി വടിക്കാന്‍ നിര്‍ബന്ധിക്കുകയും മര്‍ദ്ദിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തത് വന്‍ പ്രാധാന്യത്തോടെ വാര്‍ത്തളുണ്ടായിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തിലെ പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സല്‍മാ അന്‍സാരി ആവശ്യപ്പെട്ടു. ഹാമിദ് അന്‍സാരി ഇറാന്‍ എംബസിയില്‍ സേവനമനുഷ്ഠിക്കവേ, ഹാമിദ് അന്‍സാരി റോയുടെ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ച് സംഘപരിവാര സഹയാത്രികനായ മുന്‍ റോ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.



Tags:    

Similar News