സ്വര്‍ണ ഇറക്കുമതിയില്‍ കുത്തനെ ഇടിവ്
2020 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള ഇറക്കുമതി 78.4 ടണ്ണും ജൂണിൽ അവസാനിച്ച പാദത്തിലാകട്ടെ 11 ടണ്ണുമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്.
ന്യൂഡൽഹി: കൊവിഡ് വ്യാപനംമൂലം രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ കുത്തനെ ഇടിവ്. നടപ്പ് വര്‍ഷം സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 50ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന അളവാണ്.
350 ടണ്‍ സ്വര്‍ണമാകും ഈവര്‍ഷം രാജ്യത്ത് ഇറക്കുമതി ചെയ്യുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 2003ലെ നിലവാരത്തിനോട് അടുത്തുമാണിത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം 2019 കലണ്ടര്‍ വര്‍ഷത്തില്‍ 647 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2020 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള ഇറക്കുമതി 78.4 ടണ്ണും ജൂണിൽ അവസാനിച്ച പാദത്തിലാകട്ടെ 11 ടണ്ണുമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്.
മൂന്നുമാസത്തോളം സ്വര്‍ണാഭരണ കടകള്‍ അടച്ചിട്ടതും നിക്ഷേപകര്‍ പലരും ഗോള്‍ഡ് ബോണ്ടിലേയ്ക്കും ഇടിഎഫിലേയ്ക്കും തിരിഞ്ഞതുമാണ് സ്വര്‍ണ ഇറക്കുമതിയില്‍ കുറവുണ്ടാകാന്‍ കാരണമായി പറയുന്നത്. രാജ്യത്തെ ഇറക്കുമതി ബില്ലില്‍ കാര്യമായ കുറവുണ്ടാക്കാന്‍ ഇത് സാഹയിച്ചു. സ്വര്‍ണം കൈവശമുള്ളവരില്‍ പലരും വിറ്റ് കാശാക്കിയതും വിപണിയില്‍ സ്വര്‍ണം കൂടുതലായി എത്താനിടയാക്കി.