ഗോവിന്ദ് പന്‍സാരെ കൊലപാതകം; അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച് ബോംബെ ഹൈക്കോടതി

Update: 2025-01-03 05:50 GMT

മുംബൈ: കമ്മ്യൂണിസ്റ്റ് നേതാവും ചിന്തകനുമായ ഗോവിന്ദ് പന്‍സാരെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച് ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, കമാല്‍ ഖാത എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനമെടുത്തത്. കേസില്‍ മേല്‍നോട്ടം ഇനി ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ എന്ന് സംശയിക്കുന്ന രണ്ട് വ്യക്തികള്‍ ഒളിവില്‍ കഴിയുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. പ്രതികളെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ കോലാപൂരിലെ വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

2015 ഫെബ്രുവരി 16 നാണ് പന്‍സാരെ കൊലചെയ്യപ്പെടുന്നത്. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട്് ഉണ്ടായിരുന്നു. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. കോലാപൂരില്‍ വെച്ച് ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റായിരുന്നു മരണം. കൊലപാതകം ആദ്യം സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മാണ് അന്വേഷിച്ചിരുന്നത്. എന്നാല്‍ 2022 ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്ക് (എടിഎസ്) അന്വേഷണം മാറ്റുകയായിരുന്നു. വിചാരണയില്‍ ഇതുവരെ 25 സാക്ഷികള്‍ മൊഴി നല്‍കിയെങ്കിലും 200 പേര്‍ കൂടി ഹാജരാകാനുണ്ട്.




Tags:    

Similar News