ഹരിയാനയിലെ പോലിസ് കോണ്‍സ്റ്റബിള്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച; മുഖ്യപ്രതി അറസ്റ്റില്‍

Update: 2021-09-10 03:42 GMT

ചണ്ഡിഗഢ്: ഹരിയാനയിലെ പോലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ജമ്മുവിലെ റംബാന്‍ ജില്ലയിലെ ഗുല്‍ സ്വദേശിയായ മുസാഫര്‍ അഹമ്മദ് ഖാന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ് പ്രഖ്യാപിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ പേപ്പര്‍ ചോര്‍ച്ച കേസിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ പ്രതിയെന്ന് പോലിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 34 പേരെയാണ് ഹരിയാന പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹരിയാന പുരുഷ കോണ്‍സ്റ്റബിള്‍ പരീക്ഷ സംബന്ധിച്ച് ഹരിയാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എച്ച്എസ്എസി) വിജ്ഞാപനം പുറപ്പെടുവിച്ചത്.

ആഗസ്ത് ഏഴ്, എട്ട് തിയ്യതികളിലായി രണ്ട് ഷിഫ്റ്റുകളിലായാണ് എഴുത്ത് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ പരീക്ഷ റദ്ദാക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് ചോദ്യ പേപ്പര്‍ പ്രചരിച്ചത്. കേസിലെ ഒമ്പത് പ്രതികളെ പോലിസ് ആദ്യം അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഹരിയാന പോലിസ് രണ്ടുലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചു. 50,000 രൂപ വീതം പാരിതോഷികം നല്‍കി മനോഹര്‍, നവീന്‍ എന്നീ രണ്ട് പ്രതികളെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

കേസില്‍ അറസ്റ്റിലായവരില്‍നിന്നും മൊബൈല്‍ ഫോണ്‍, പ്രിന്റര്‍, അഡ്മിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ പോലിസ് കണ്ടെടുത്തിരുന്നു. അന്വേഷണത്തിനിടയില്‍ ചോദ്യപേപ്പറിന്റെയും ഉത്തരസൂചികയുടെയും ഹാര്‍ഡ് കോപി മുസാഫര്‍ അഹമ്മദ് ഖാന് നേരത്തെ അറസ്റ്റിലായ ജമ്മു സ്വദേശി ജിതേന്ദ്ര നല്‍കിയതാണെന്ന് കണ്ടെത്തി. ഇത് ജമ്മു വിമാനത്താവളത്തില്‍ വച്ച് ഐജാസ് അമീന്‍ അഫ്‌സലിന് നല്‍കി. 60 ലക്ഷം രൂപയ്ക്കായിരുന്നു ഇതിന്റെ കരാര്‍ ഉറപ്പിച്ചിരുന്നത്. പ്രതി ഐജാസിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നവീനെ അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News