ന്യൂഡല്‍ഹി: രണ്ടാഴ്ചയോളമായി കാണാതായ ഹരിയാന്‍വി ഗായികയുടെ മൃതദേഹം റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഹൈവേയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹിയില്‍ താമസിച്ചിരുന്ന ഗായികയെ മെയ് 11നാണ് കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം തട്ടിക്കൊണ്ടുപോവലിന് പോലിസ് കേസെടുത്തു. സഹപ്രവര്‍ത്തകരായ രവി, രോഹിത് എന്നീ രണ്ടുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഒരു മ്യൂസിക് വീഡിയോ ചിത്രീകരണത്തിനായി സഹപ്രവര്‍ത്തകനായ രോഹിത്തിനൊപ്പം ഭിവാനിയില്‍ പോയതായിരുന്നു ഗായിക. റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഒരു ഹോട്ടലില്‍ നിന്ന് ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് പോലിസ് അന്വേഷണം തുടങ്ങി. എന്നാല്‍, പോലിസ് കേസ് ഇഴയുകയാണെന്നാണ് കുടുംബവും ആരോപിച്ചത്. ഭൈറോണ്‍ ഭൈനി ഗ്രാമത്തിലെ മേല്‍പ്പാലത്തിന് സമീപം ഒരു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയെന്ന് പോലിസിന് വിവരം ലഭിച്ചു. ഈ മൃതദേഹം ഗായികയുടേതാണെന്ന് തിരിച്ചറിഞ്ഞു. പോലിസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റുചെയ്തു. ഇയാളെ പോലിസ് ചോദ്യംചെയ്തുവരികയാണ്.