പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിനെതിരായ ക്രിമിനല്‍ കേസ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി
പൗരത്വ നിയമഭേദഗതിക്കെതിരേ ജനുവരി 15ന് മംഗളൂരുവില്‍ നടന്ന റാലിയില്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നാരോപിച്ചാണ് മുഹമ്മദ് ഷാക്കിബിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മംഗളൂരു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാക്കിബിനെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ചത്തേയ്ക്കാണ് കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരേ ജനുവരി 15ന് മംഗളൂരുവില്‍ നടന്ന റാലിയില്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്നാരോപിച്ചാണ് മുഹമ്മദ് ഷാക്കിബിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രസംഗത്തിനെതിരേ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കങ്കണടി പോലിസ് ക്രിമിനല്‍ കേസടുത്തത്. ഇത് ചോദ്യംചെയ്ത് ഷാക്കിബ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബി എ പാട്ടീല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, പൊതുജനസേവകരെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ക്രിമിനല്‍ ബലപ്രയോഗം, സമാധാനം ലംഘിക്കുന്നതിനുള്ള ഉദ്ദേശത്തോടെ മനപൂര്‍വം അപമാനിക്കല്‍ തുടങ്ങി പരാതിയില്‍ പോലിസ് ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു.
2019 ഡിസംബറില്‍ മംഗളൂരുവില്‍ നടന്ന സിഎഎ വിരുദ്ധറാലിയ്ക്കിടെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതുമായി ബന്ധപ്പെട്ട് മംഗളൂരു സിറ്റി പോലിസ് കമ്മീഷണറുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരമുള്ള മതവിശ്വാസികള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റം ചെയ്തിട്ടില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.