പരീക്ഷാ ഹാളിലെ ഹിജാബ് നിരോധനം; നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍

Update: 2023-11-14 10:56 GMT

ബെംഗളൂരു: ഹിജാബ് നിരോധനം സംബന്ധിച്ച നിലപാടില്‍ മലക്കംമറിഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കര്‍ണാടക പരീക്ഷാ അതോറിറ്റി (കെ.ഇ.എ) നിബന്ധനകള്‍ പുറത്തിറക്കി. ഇതില്‍ ഹിജാബും തൊപ്പിയും ഉള്‍പ്പെടും. ഹിജാബ് വിലക്കില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ മുന്‍ നിലപാടിന് വിരുദ്ധമാണ് പുതിയ നിബന്ധനകള്‍.ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് അടക്കമുള്ള കോപ്പിയടി തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. നേരത്തെ പരീക്ഷകളില്‍ മംഗല്യസൂത്രം ധരിക്കുന്നതിന് ചിലര്‍ എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍, നിലവിലെ തീരുമാനം പ്രകാരം മംഗല്യസൂത്രം പരീക്ഷാഹാളുകളില്‍ അനുവദനീയമാണ്.

കഴിഞ്ഞ മാസം വിവിധവകുപ്പുകളിലെ ഒഴിവുനികത്താനായി സര്‍ക്കാര്‍ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് വിരുദ്ധമാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബറില്‍ കെഇഎ നടത്തിയ പരീക്ഷയില്‍ കല്‍ബുര്‍ഗി, യാദ്ഗിര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ നവംബര്‍ 11ന് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.  2022 ഫെബ്രുവരിയില്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു. ഇതിനെതിരേ സുപ്രീംകോടതി വരെ നിയമപോരാട്ടങ്ങളും നടന്നു. സുപ്രീംകോടതി ഇക്കാര്യത്തില്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്.




Tags:    

Similar News