ഹിന്ദുമഹാസഭാ നേതാവ് വെടിയേറ്റ് മരിച്ച സംഭവം: രണ്ടാം ഭാര്യയും കാമുകനും ഡ്രൈവറും അറസ്റ്റില്‍

രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, സ്മൃതിയുടെ കാമുകന്‍ ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. രഞ്ജിത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാളെ പിടികൂടാനുണ്ടെന്ന് ലഖ്‌നോ പോലിസ് കമ്മീഷണര്‍ സുജിത് പാണ്ഡെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2020-02-06 15:01 GMT

ലഖ്‌നോ: അഖില ഭാരതീയ ഹിന്ദുമഹാസഭാ ഉത്തര്‍പ്രദേശ് പ്രസിഡന്റ് രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റിലായി. രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, സ്മൃതിയുടെ കാമുകന്‍ ദീപേന്ദ്ര, ഡ്രൈവര്‍ സഞ്ജീവ് ഗൗതം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. രഞ്ജിത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാളെ പിടികൂടാനുണ്ടെന്ന് ലഖ്‌നോ പോലിസ് കമ്മീഷണര്‍ സുജിത് പാണ്ഡെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഭാതനടത്തത്തിനിടെ രഞ്ജിത് ബച്ചന്‍ വെടിയേറ്റ് മരിച്ചത്.

രഞ്ജിത്തില്‍നിന്ന് വിവാഹമോചനം നേടാനും ദീപേന്ദ്രയെ വിവാഹം ചെയ്യാനും സ്മൃതി ആഗ്രഹിച്ചിരുന്നു. 2016 മുതല്‍ കുടുംബകോടതിയില്‍ ഇവരുടെ വിവാഹമോചനക്കേസ് നടന്നുവരികയാണ്. എന്നാല്‍, സ്മൃതിക്ക് വിവാഹമോചനം നല്‍കാന്‍ രഞ്ജിത്ത് തയ്യാറായിരുന്നില്ല. ജനുവരി 17ന് രഞ്ജിത്തും സ്മൃതിയും തമ്മില്‍ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ സ്മൃതിയെ രഞ്ജിത്ത് മര്‍ദിച്ചു. ഇതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്ന് പോലിസ് കമ്മീഷണര്‍ അറിയിച്ചു. രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്നറിയാന്‍ വിശദമായ അന്വേഷണമാണ് പോലിസ് നടത്തിയത്. ഭീകരവാദികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നത് അടക്കം എല്ലാ വശങ്ങളും അന്വേഷിച്ചു.

രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളോ വസ്തുതര്‍ക്കങ്ങളോ കാരണങ്ങളായിട്ടില്ലെന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകത്തിനു പിന്നില്‍ സ്മൃതിയും അവരുടെ കാമുകനുമാണെന്ന് പോലിസിന് വ്യക്തമായത്. സ്മൃതിക്ക് ദീപേന്ദ്രയുമായി ബന്ധമുണ്ടെന്നും നാല് ക്രിമിനല്‍ കേസുള്ള രഞ്ജിത്തിനെ വിട്ടുപോവാന്‍ അവര്‍ ആഗ്രഹിച്ചിരുന്നതായും തുടരന്വേഷണത്തില്‍ തെളിഞ്ഞു. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍നിന്ന് രണ്ടാം ഭാര്യയും കാമുകനും ഡ്രൈവറും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായി. ഇതെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് പോലിസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഷാള്‍ കൊണ്ട് മൂടിപ്പുതച്ച് നടന്നുവന്നയാള്‍ രഞ്ജിത്തിനുനേരെ വെടിയുതിര്‍ത്തത്. തലയ്ക്കാണ് വെടിയേറ്റത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ആദിത്യ ശ്രീവാസ്തവയ്ക്കും പരിക്കേറ്റിരുന്നു. അക്രമി ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തു. കൊലപാതകത്തിനുശേഷം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട പോലിസ്, വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കലക്ടറേറ്റ് കെട്ടിടത്തിന് സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐ ഉള്‍പ്പടെ നാല് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. 

Tags:    

Similar News