ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പശുക്കടത്ത് ഒരുദിവസം കൊണ്ട് അവസാനിപ്പിക്കും: യോഗി ആദിത്യനാഥ്

പശ്ചിമബംഗാളില്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കാന്‍ അനുവാദമില്ല. 'ലൗ ജിഹാദ്' സംഭവങ്ങള്‍ ബംഗാളില്‍ നടക്കുന്നു. ഉത്തര്‍പ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, തൃണമൂല്‍ സര്‍ക്കാര്‍ പശു കള്ളക്കടത്തും ലൗ ജിഹാദും തടയുന്നതില്‍ പരാജയപ്പെട്ടു.

Update: 2021-03-03 01:21 GMT

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളില്‍ വര്‍ഗീയ വിദ്വേഷപ്രചാരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പശുക്കടത്ത്, ലൗ ജിഹാദ്, ജയ് ശ്രീറാം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ആഞ്ഞടിച്ചത്. പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ 24 മണിക്കൂര്‍ കൊണ്ട് പശുക്കടത്ത് അവസാനിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ദുര്‍ഗാപൂജ ഇന്ന് ബംഗാളില്‍ നിരോധിച്ചിരിക്കുന്നു.

ഈദ് ആഘോഷവേളയില്‍ പശു കശാപ്പ് ശക്തമായി ആരംഭിച്ചു. പശു കള്ളക്കടത്തിലൂടെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. പശ്ചിമബംഗാളില്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കാന്‍ അനുവാദമില്ല. ജയ് ശ്രീറാം നിരോധിക്കാന്‍ ശ്രമിക്കുകയും ഇത് വിളിക്കുന്നവര്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു- മാല്‍ഡ ജില്ലയിലെ ഗസോളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത യോഗി ആദിത്യനാഥിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

'ലൗ ജിഹാദ്' സംഭവങ്ങള്‍ ബംഗാളില്‍ നടക്കുന്നു. ഉത്തര്‍പ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, തൃണമൂല്‍ സര്‍ക്കാര്‍ പശു കള്ളക്കടത്തും ലൗ ജിഹാദും തടയുന്നതില്‍ പരാജയപ്പെട്ടു. പശു കള്ളക്കടത്തും ലൗ ജിഹാദും അവസാനിപ്പിക്കണം. ഒരുകാലത്ത് രാഷ്ട്രത്തെ നയിച്ചിരുന്ന പശ്ചിമബംഗാള്‍ ഇപ്പോള്‍ നിയമവിരുദ്ധമായ ഒരുസാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി അനധികൃത കുടിയേറ്റക്കാരെ സംസ്ഥാനത്തേക്ക് അനുവദിക്കുകയും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്യുകയാണ്.

വോട്ട് ബാങ്ക് രാഷ്ട്രീയം പശ്ചിമബംഗാളിന്റെ മാത്രമല്ല, രാജ്യത്തിന്റെയും സുരക്ഷയെയും അപകടത്തിലാക്കിയിട്ടുണ്ട്. അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുന്നതില്‍ മമത സര്‍ക്കാരിന് പ്രശ്‌നമുണ്ട്. പക്ഷേ, അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തേക്ക് വരുന്നതില്‍ പ്രശ്‌നമില്ല. സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലവിലെ സര്‍ക്കാരിന് ഉചിതമായ മറുപടി നല്‍കുമെന്നും യോഗി വ്യക്തമാക്കി. 294 അംഗങ്ങളുള്ള പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 നും ഏപ്രില്‍ 29 നും ഇടയില്‍ എട്ട് ഘട്ടങ്ങളായാണ് നടക്കുക. കഴിഞ്ഞതവണ നിയമസഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായാണ് നടത്തിയത്.

Tags:    

Similar News