രണ്ടില ചിഹ്‌നം അനുവദിക്കണം; പി ജെ ജോസഫിന് ഇ- മെയിലില്‍ കത്തയച്ച് ജോസ് കെ മാണി
കത്തില്‍ ഒന്നാം തിയ്യതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിലേക്ക് ഈ കത്തിനെയോ ചിഹ്‌നം അനുവദിക്കുന്ന നടപടിയെയോ ബന്ധപ്പെടുത്തരുതെന്നും ആവശ്യമുണ്ട്.
കോട്ടയം: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്‌നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി ജെ ജോസഫിന് ജോസ് കെ മാണി എംപി കത്തയച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇ- മെയിലില്‍ കത്തയച്ചതെന്നാണ് പി ജെ ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്. വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പാര്‍ട്ടി ചിഹ്‌നം അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തില്‍ ഒന്നാം തിയ്യതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴ മുന്‍സിഫ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിലേക്ക് ഈ കത്തിനെയോ ചിഹ്‌നം അനുവദിക്കുന്ന നടപടിയെയോ ബന്ധപ്പെടുത്തരുതെന്നും ആവശ്യമുണ്ട്.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്‌നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി ജെ ജോസഫിന് കത്ത് നല്‍കണമെന്ന് ജോസ് കെ മാണിയോട് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചത് ബുധനാഴ്ച മൂന്നുമണിക്കാണ്. യുഡിഎഫിന്റെ നിര്‍ദേശം അനുസരിക്കുന്നുവെന്ന് കാണിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു കത്ത് അവസാനനിമിഷം അയച്ചതെന്നാണ് ജോസഫ് വിഭാഗവും കരുതുന്നത്. കത്തിന്‍മേല്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ സമയം ബാക്കിയില്ലാത്ത സാഹചര്യത്തില്‍, മനപ്പൂര്‍വം കത്ത് വൈകിപ്പിച്ചതാണെന്നും പി ജെ ജോസഫ് വിഭാഗം ആരോപിക്കുന്നു. ജോസ് ടോമിന് രണ്ടില ചിഹ്‌നം നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും ജോസഫ് വിഭാഗം സമീപിച്ചിട്ടുണ്ട്.