ബിജെപി പരിപാടിയില്‍ ഹെല്‍മെറ്റു ധരിച്ചെത്തി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സുമന്‍ പാണ്ഡയുടെ നേര്‍ക്കു ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു വേറിട്ട പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്
റായ്പൂര്‍: റായ്പൂരിലെ ബിജെപി പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെത്തിയത് ഹെല്‍മെറ്റ് ധരിച്ച്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സുമന്‍ പാണ്ഡയുടെ നേര്‍ക്കു ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണു വേറിട്ട പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്താനായി സംഘടിപ്പിച്ച പരിപാടിയില്‍ വച്ചാണു സുമന്‍ പാണ്ഡക്കു മര്‍ദനമേറ്റത്. തിരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തുന്നതിനിടെ പാര്‍ട്ടിയിലെ ഇരുവിഭാഗം നേതാക്കള്‍ തമ്മില്‍ സദസ്സില്‍ വച്ചു തന്നെ സംഘര്‍ഷമുണ്ടായി. ഇതു സുമന്‍ പാണ്ഡെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വീഡിയോ പുറത്തു വിടരുതെന്നും ഫോണ്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു റായ്പൂര്‍ ബിജെപി അധ്യക്ഷന്‍ രാജീവ് അഗര്‍വാള്‍, ഉല്‍കര്‍ഷ് ത്രിവേദി തുടങ്ങിയവരുടെ നേതൃത്ത്വത്തില്‍ സുമന്‍ പാണ്ഡയെ ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നു. മര്‍ദനത്തില്‍ പാണ്ഡയുടെ തലയിലടക്കം പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു മാധ്യമപ്രവര്‍ത്തകര്‍ ഹെല്‍മെറ്റ് ധരിച്ചു ബിജെപി പരിപാടിക്കെത്തിയത്. പ്രതിഷേധത്തില്‍ 600ലധികം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തതായി റായ്പൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് ഡാമു അമേഡയര്‍ പറഞ്ഞു.