ഹിന്ദുരാഷ്ട്രവാദത്തിന് പരോക്ഷ പിന്തുണയുമായി കമല്‍ നാഥ്
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുന്ന ശാസ്ത്രി ഛദ്ദര്‍പൂരിലെ തന്റെ ആശ്രമത്തില്‍ ഘര്‍ വാപസി പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
ഭോപ്പാല്‍: ഹിന്ദുരാഷ്ട്രവാദത്തിന് പരോക്ഷ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥ്. ബാഗേശ്വര്‍ ധാം ട്രസ്റ്റ് മേധാവിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ധീരേന്ദ്ര ശാസ്ത്രിയുടെ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ തന്റെ ശക്തികേന്ദ്രമായ ഛിന്ദ്വാര ജില്ലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മൂന്നു ദിവസത്തെ ഹനുമാന്‍ കഥ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ നാഥ്. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ശാസ്ത്രിയുടെ ഹിന്ദുരാഷ്ട്രമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചത്.
''ഓരോരുത്തര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. ഇന്ന് നമ്മുടെ രാജ്യത്ത് 82% ഹിന്ദുക്കളാണെങ്കില്‍ ഇത് ഏത് രാഷ്ട്രമാണ്? ഞാന്‍ മതേതരനാണ്. നമ്മുടെ ഭരണഘടനയില്‍ എഴുതിയിരിക്കുന്നത് എന്താണോ അതാണ് ഞാന്‍''-കമല്‍ നാഥ് പറഞ്ഞു.നിരന്തരമായി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുന്ന ശാസ്ത്രി ഛദ്ദര്‍പൂരിലെ തന്റെ ആശ്രമത്തില്‍ ഘര്‍ വാപസി പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
''മഹാരാജ് ജീ, ഭാവിയില്‍ നിങ്ങള്‍ക്ക് എന്നെ ഉപേക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല. ഈ ലോകത്ത് വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങളുണ്ട്. എന്നാല്‍ ഞാനും മഹാരാജും തമ്മിലുള്ള ബന്ധം ഹനുമാന്റെ ബന്ധമാണ്. എല്ലാവരും ഈ ബന്ധത്തിന്റെ സാക്ഷികളാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും എന്റെ നേരെ വിരല്‍ ചൂണ്ടാന്‍ സാധിക്കില്ല. മഹാരാജ് ജി നിങ്ങള്‍ എവിടെപ്പോയാലും ഛിന്ദ്വാര പോലുള്ള ഒരു സ്ഥലം നിങ്ങള്‍ക്ക് കാണാന്‍ കിട്ടില്ല. ഞങ്ങള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. നാമെല്ലാവരും നമ്മുടെ മതത്തെയും ബഹുമാനിക്കുന്നു. ഞാന്‍ ഒരു ഹിന്ദുവാണ്. അത് അഭിമാനത്തോടെ പറയും''- കമല്‍ നാഥ് പറഞ്ഞു.