ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ രാജ്യത്തെ വില്‍ക്കുന്നില്ല; കര്‍ഷകസമരത്തെ പിന്തുണച്ച പോപ്പ് ഗായിക റിഹാനയെ അധിക്ഷേപിച്ച് കങ്കണ

'ആരും ഇതെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം.

Update: 2021-02-03 05:39 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ്പ് ഗായിക റിഹാനയ്‌ക്കെതിരേ അധിക്ഷേപവുമായി നടി കങ്കണ റണാവത്ത്. കര്‍ഷകപ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ലെന്നും റിഹാന ചോദിച്ചു. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്. 'ആരും ഇതെക്കുറിച്ച് സംസാരിക്കുന്നില്ല.

എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ. ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല'' കങ്കണ ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകപ്രക്ഷോഭത്തെ തുടക്കം മുതല്‍ എതിര്‍ക്കുകയും കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുകയും ചെയ്തയാളാണ് കങ്കണ. ഇതിന്റെ പേരില്‍ കങ്കണയും ഗായകന്‍ ദില്‍ജിത് ദോസാന്‍ഝും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധയെ ഷഹീന്‍ബാഗ് ദാദിയായി ചിത്രീകരിച്ച് കങ്കണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് പങ്കുവച്ചതും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കര്‍ഷക റാലിയില്‍ പോലിസുമായി സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചെന്ന വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തത്? എന്ന് റിഹാന ചോദിക്കുന്നു. ഇതോടൊപ്പം ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗും ഗായിക ചേര്‍ത്തിട്ടുണ്ട്. നിരവധിപേരാണ് റിഹാനയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.

Tags:    

Similar News