കര്‍ണാടകയില്‍ യെദിയൂരപ്പ അധികാരമേറ്റിട്ട് മൂന്നാഴ്ച പിന്നിട്ടു; മന്ത്രിസഭാ വികസനം ചൊവ്വാഴ്ച

യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാഴ്ചയ്ക്കുശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ബിജെപി നിയമസഭാ കക്ഷി യോഗവും ചൊവ്വാഴ്ച ചേരും. മൂന്നുദിവസത്തിനകം മന്ത്രിസഭാ വികസനം നടക്കുമെന്ന് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസാണ് വ്യക്തമാക്കിയത്.

Update: 2019-08-18 04:02 GMT

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി നേതൃത്വത്തിലുള്ള ബി എസ് യെദിയൂരപ്പ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച നടക്കും. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാഴ്ചയ്ക്കുശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. ബിജെപി നിയമസഭാ കക്ഷി യോഗവും ചൊവ്വാഴ്ച ചേരും. മൂന്നുദിവസത്തിനകം മന്ത്രിസഭാ വികസനം നടക്കുമെന്ന് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസാണ് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയുമായി ഈമാസം ആദ്യം യെദിയൂരപ്പ ഡല്‍ഹിയിലെത്തിയിരുന്നു.

ബിജെപി ഹൈക്കമാന്‍ഡിന്റെ അനുമതി തേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സംസ്ഥാനത്ത് നിരവധി ജീവനുകള്‍ പൊലിഞ്ഞ രൂക്ഷമായ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് തിരികെപ്പോയി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ യെദിയൂരപ്പയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യസര്‍ക്കാരിന് അധികാരം നഷ്ടമായിട്ട് ഒരുമാസമായി. ഇതുവരെയായും മന്ത്രിസഭാ രൂപീകരണം നടത്താത്തതിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്- ദള്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ബിജെപിക്കും യെദിയൂരപ്പയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. മന്ത്രിമാരില്ലാത്ത മന്ത്രിസഭയാണ് കര്‍ണാടകയിലുള്ളത്. ഇതാണോ ബിജെപി മിനിമം സര്‍ക്കാര്‍ എന്നുദ്ദേശിക്കുന്നത്. കര്‍ണാടകയ്ക്ക് ഒരു സര്‍ക്കാര്‍ ആവശ്യമാണ്. നമ്മുടെ സംസ്ഥാനത്തെ രാജ്യമെമ്പാടും പരിഹസിക്കപ്പെടാനിടയാക്കുന്നത് ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ വ്യക്തമാക്കി. കര്‍ണാടകയിലുണ്ടായ കനത്ത പ്രളയം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്ത് ഒരു സര്‍ക്കാരില്ലാത്ത സ്ഥിതിയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Tags:    

Similar News