ബംഗളൂരു: കര്‍ണാടകയിലെ ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി ഏഴ് പേരെ യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. പഴയ കാബിനറ്റിലെ ചിലരുടെ വകുപ്പുകള്‍ എടുത്തുമാറ്റിയാണ് പുതിയ പട്ടികയിലുള്ളവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉമേഷ് കാത്തി(ഭക്ഷ്യം, സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ അഫയര്‍), എസ് അംഗാര(ഫിഷറീസ്, പോര്‍ട്ട്, ഇന്‍ലാന്റ് ട്രാന്‍സ്‌പോര്‍ട്ട്), മുരുകേഷ് നിരാനി(മൈനിങ്), അരവിന്ദ് ലിംബാവാലി(വനം), ആര്‍ ശങ്കര്‍(മുനിസിപ്പല്‍ ഭരണം), എംടിബി നാഗരാജ്(എക്‌സൈസ്), സി പി യോഗേശ്വര്‍(ചെറുകിട ജലസേചനം) എന്നീ വകുപ്പുകള്‍ നല്‍കി.
ഇന്നത്തെ മന്ത്രിസഭാ വികസനത്തില്‍ ജെ സി മധുസ്വാമിയില്‍ നിന്ന് നിയമം, പാര്‍ലമെന്ററി കാര്യം ചെറുകിട ജലസേചനം എന്നിവ എടുത്തുമാറ്റി. പകരം മെഡിക്കല്‍വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ വകുപ്പുകള്‍ നല്‍കി. നിയമം, പാര്‍ലമെന്ററി കാര്യം, തുടങ്ങിയ വകുപ്പുകളുടെ അധികച്ചുമതല ആഭ്യന്തര മന്ത്രി ബസവരാജ് മൊമ്മൈയെ ഏല്‍പ്പിച്ചു.
വനം ആനന്ദ് സിങ്ങില്‍ നിന്ന് എടുത്തുമാറ്റി ടൂറിസം പകരം നല്‍കി. കൂട്ടത്തില്‍ പരിസ്ഥിതി വകുപ്പുകൂടി നല്‍കിയിട്ടുണ്ട്.
കോട്ട ശ്രീനിവാസ പൂജാരിയുടെ ഫിഷറീസ് വകുപ്പ് എടുത്തമാറ്റി പകരം പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതല നല്‍കി.
ഹജ്ജ് വക്കഫ് വകുപ്പുകള്‍ പ്രഭു ചൗഹാനില്‍ നിന്ന് എടുത്ത് മാറ്റിയിട്ടുണ്ട്. തൊഴില്‍ മന്ത്രി ശിവറാം ഹെബ്ബറെ പഞ്ചസാര വകുപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തു.
17 മാസത്തിനു ശേഷമാണ് യെദ്യുരപ്പ മന്ത്രിസഭ വികസിപ്പിക്കുന്നത്.