കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്; 17 പേരുകള്‍ നിര്‍ദേശിച്ച് യെദിയൂരപ്പ
ജൂലൈ 26ന് യെദിയുരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ജൂലൈ 29ന് ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തിരുന്നെങ്കിലും 20 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിച്ചിരുന്നില്ല
ബെംഗളൂരു: ജനതാജള്‍(എസ്)-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ നിലംപതിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും മന്ത്രിമാരെ നിയമിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകയില്‍ ഇന്ന് മന്ത്രിസഭാ വികസനം ഉണ്ടാവുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ 17 എംഎല്‍എമാരുടെ പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചു. മന്ത്രിസഭാവികസനം വൈകുന്നതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ജെഡിഎസും വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് യെദിയൂരപ്പയുടെ നടപടി. മന്ത്രിസഭ ഇന്ന് വികസിപ്പിക്കുമെന്നും 13 മുതല്‍ 14 വരെ മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി ബി എസ് യെദിയുരപ്പ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുശേഷം ഉടന്‍ തന്നെ മന്ത്രിസഭായോഗം വിളിക്കാനും ആലോചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായും കൂടിക്കാഴ്ച നടത്തിയ ശേഷം യെദിയൂരപ്പയ്ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 17 എംഎല്‍മാര്‍ക്ക് കാബിനറ്റ് പദവി നല്‍കണമെന്ന് നിര്‍ദേശിച്ച് യെദിയൂരപ്പ കര്‍ണാടക ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
ഗോവിന്ദ് മാക്തപ്പ കാരജോള്‍, സി എന്‍ അശ്വന്ത് നാരായണന്‍, ലക്ഷ്മണ്‍ ശങ്കപ്പ സാവദി, കെ എസ് ഈശ്വരപ്പ, ആര്‍ അശോക, ജഗദീഷ് ഷെട്ടാര്‍, ബി ശ്രീരാമലു, എസ് സുരേഷ്‌കുമാര്‍, വി സോമണ്ണ, സി ടി രവി, ബസവരാജ് ബൊമ്മാള്‍, കോട്ട ശ്രീനിവാസ് പൂജാരി, ജെ സി മധു സ്വാമി, ചന്ദ്രകാന്ത് ഗൗഡ ചന്ദപ്പഗൗഡ പാട്ടീല്‍, എച്ച് നാഗേഷ്, പ്രഭു ചൗഹാന്‍, ജോലെ ശശികല അണ്ണാസാഹേബ് എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ക്കു കൈമാറിയിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 10.30നും 11.30നും ഇടയില്‍ രാജ്ഭവനില്‍ വച്ച് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് അപേക്ഷയിലുള്ളത്.
അതേസമയം, മന്ത്രിസ്ഥാനം പ്രതീക്ഷിച്ച ഏതാനും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് ഇടംലഭിക്കാത്തത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുമെന്നാണു കരുതുന്നത്. 56 എംഎല്‍മാരെങ്കിലും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നവരുണ്ടെന്നാണ് ബിജെപി നേതാവ് മുര്‍ഗേഷ് നിരാനി തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, കര്‍ണാടകയില്‍ 34 കാബിനറ്റ് തസ്തികകള്‍ മാത്രമാണുള്ളത്. ഇക്കഴിഞ്ഞ ജൂലൈ 26ന് യെദിയുരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ജൂലൈ 29ന് ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തിരുന്നെങ്കിലും 20 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിച്ചിരുന്നില്ല. വെള്ളപ്പൊക്കം കാരണം കെടുതി അനുഭവിച്ചപ്പോഴും കര്‍ണാടകയില്‍ മന്ത്രിമാരില്ലാതെ ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്‌കറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാഷ്ട്രപതി ഭരണത്തിനു തുല്യമാണ് കര്‍ണാടകയിലെ സ്ഥിതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.