കര്‍ണാടക മന്ത്രിസഭാ വികസനം: ബിജെപി പാളയത്തില്‍ കലഹം; പരാതിയുമായി മന്ത്രിമാര്‍
ബംഗളൂരു: കര്‍ണാടകയില്‍ യെദ്യുരപ്പ നേതൃത്വം നല്‍കുന്ന മന്ത്രിസഭ വികസിപ്പിച്ചതിനു തൊട്ടുപിന്നാലെ ബിജെപി പാളയത്തില്‍ പടപുറപ്പാട്. മുതിര്‍ന്ന മന്ത്രിമാരുടെ ചില വകുപ്പുകള്‍ എടുത്തുമാറ്റിയാണ് പുതിയ മന്ത്രിമാരെ യെദ്യുരപ്പ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പല മന്ത്രിമാര്‍ക്കും മുറുമുറുപ്പുണ്ട്. അവര്‍ യെദ്യൂരപ്പയെ നേരിട്ടും അല്ലാതെയും തങ്ങളുടെ അതൃപ്തി അറിയിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
മൂന്നു മന്ത്രിമാരാണ് കടുത്ത അതൃപ്തിയുമായി രംഗത്തുവന്നിരിക്കുന്നത്. കെ സി നാരായണ ഗൗഢ, എന്‍ നാഗരാജു എംടിബി, കെ ഗോപാലയ്യ എന്നിവര്‍ ആരോഗ്യമന്ത്രി കെ സുധാകറിന്റെ വസതിയില്‍ യോഗം ചേര്‍ന്ന് തങ്ങളുടെ അതൃപ്തി പാര്‍ട്ടിയെ അറിയിച്ചു.
പാര്‍ട്ടി നേതാക്കന്മാര്‍ക്കിടയിലെ അതൃപ്തി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു മന്ത്രിസഭാ വികസനം. പക്ഷേ, അത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്.
പുതിയതായി മന്ത്രി പദവി ലഭിച്ച ചിലരും പരാതിയുമായി എത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് അപ്രധാനമായ വകുപ്പുകള്‍ നല്‍കിയെന്നാണ് അവരുടെ പരാതി.
എക്‌സൈസ് വകുപ്പ് നല്‍കിയതില്‍ തനിക്ക് വലിയ പരാതിയുണ്ടെന്നാണ് എന്‍ നഗാരാജു പറയുന്നത്. താന്‍ മുന്‍കാലത്ത് ഹൗസിങ് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നതെന്നും എക്‌സൈസ് നല്‍കുക വഴി തന്നെ താഴ്ത്തിക്കെട്ടുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കിയ കെ ഗോപാലയ്യ ഭക്ഷ്യവകുപ്പ് എടുത്തമാറ്റിയതിനെതിരേ മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണ്. വകുപ്പ് തിരിച്ചുതരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
അതേസമയം പാര്‍ട്ടിയില്‍ അഭിപ്രാവ്യത്യാസമില്ലെന്നാണ് യെദ്യുരപ്പയുടെ നിലപാട്.
പുതുതായി ഏഴ് പേരെയാണ് യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. പഴയ കാബിനറ്റിലെ ചിലരുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിട്ടുണ്ട്.
ഉമേഷ് കാത്തി(ഭക്ഷ്യം, സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ അഫയര്‍), എസ് അംഗാര(ഫിഷറീസ്, പോര്‍ട്ട്, ഇന്‍ലാന്റ് ട്രാന്‍സ്‌പോര്‍ട്ട്), മുരുകേഷ് നിരാനി(മൈനിങ്), അരവിന്ദ് ലിംബാവാലി(വനം), ആര്‍ ശങ്കര്‍(മുനിസിപ്പല്‍ ഭരണം), എംടിബി നാഗരാജ്(എക്‌സൈസ്), സി പി യോഗേശ്വര്‍(ചെറുകിട ജലസേചനം) എന്നീ വകുപ്പുകള്‍ നല്‍കി.
ഇന്നത്തെ മന്ത്രിസഭാ വികസനത്തില്‍ ജെ സി മധുസ്വാമിയില്‍ നിന്ന് നിയമം, പാര്‍ലമെന്ററി കാര്യം ചെറുകിട ജലസേചനം എന്നിവ എടുത്തുമാറ്റി. പകരം മെഡിക്കല്‍വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ വകുപ്പുകള്‍ നല്‍കി. നിയമം, പാര്‍ലമെന്ററി കാര്യം, തുടങ്ങിയ വകുപ്പുകളുടെ അധികച്ചുമതല ആഭ്യന്തര മന്ത്രി ബസവരാജ് മൊമ്മൈയെ ഏല്‍പ്പിച്ചു.
വനം ആനന്ദ് സിങ്ങില്‍ നിന്ന് എടുത്തുമാറ്റി ടൂറിസം പകരം നല്‍കി. കൂട്ടത്തില്‍ പരിസ്ഥിതി വകുപ്പുകൂടി നല്‍കിയിട്ടുണ്ട്.
കോട്ട ശ്രീനിവാസ പൂജാരിയുടെ ഫിഷറീസ് വകുപ്പ് എടുത്തമാറ്റി പകരം പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതല നല്‍കി.
ഹജ്ജ് വക്കഫ് വകുപ്പുകള്‍ പ്രഭു ചൗഹാനില്‍ നിന്ന് എടുത്ത് മാറ്റിയിട്ടുണ്ട്. തൊഴില്‍ മന്ത്രി ശിവറാം ഹെബ്ബറെ പഞ്ചസാര വകുപ്പിന്റെ ചുമതലയില്‍ നിന്ന് നീക്കം ചെയ്തു.
17 മാസത്തിനു ശേഷമാണ് യെദ്യുരപ്പ മന്ത്രിസഭ വികസിപ്പിക്കുന്നത്.