അടുത്ത പ്രധാനമന്ത്രി ദക്ഷിണേന്ത്യയില്‍ നിന്നോ?
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഈ സാധ്യത രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായത്. തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപിയോ കോണ്‍ഗ്രസോ അല്ലാത്ത പ്രധാനമന്ത്രി എന്ന ലക്ഷ്യം വച്ച് മൂന്നാം മുന്നണി സാധ്യതകളാണ് ചന്ദ്രശേഖര്‍ റാവു തേടുന്നത്.
തിരുവനന്തപുരം: കേന്ദ്രത്തില്‍ തൂക്കു മന്ത്രിസഭ വന്നാല്‍ അടുത്ത പ്രധാനമന്ത്രി ദക്ഷിണേന്ത്യയില്‍ നിന്നും ആവാന്‍ സാധ്യതയുണ്ടെന്ന സുചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഈ സാധ്യത രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായത്. മുന്നണിയിലേക്ക് ഇടതു പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ റാവു എത്തിയത്. തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപിയോ കോണ്‍ഗ്രസോ അല്ലാത്ത പ്രധാനമന്ത്രി എന്ന ലക്ഷ്യം വച്ച് മൂന്നാം മുന്നണി സാധ്യതകളാണ് ചന്ദ്രശേഖര്‍ റാവു തേടുന്നത്.
ചന്ദ്രശേഖര്‍ റാവു ഈ ലക്ഷ്യത്തിനായി ഏറേക്കാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 1996ലെ ഫോര്‍മുലയാണ് ഇതിനായി അദ്ദേഹം ഉപയോഗിക്കുന്നത്.1996ല്‍ തൂക്ക് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും തള്ളി മൂന്നാം മുന്നണിയില്‍ നിന്നുള്ള ജനതാദളിലെ ഐ കെ ഗുജറാളാണ് പ്രധാനമന്ത്രിയായത്. എന്നാല്‍ 2019ല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആരെ പ്രധാനമന്ത്രിയാക്കണമെന്ന നിര്‍ദേശം റാവു വ്യക്തമാക്കിയിട്ടില്ല.
കോണ്‍ഗ്രസുമായും ബിജെപിയുമായും സഖ്യത്തിലല്ലാത്ത, ലോക്‌സഭയില്‍ 120ഓളം സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണ്ണായകമാവും എന്ന് ചന്ദ്രശേഖര റാവുവിന്റെ മകളും നിസാമാബാദ് എംപിയുമായ കെ കവിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രണ്ടുദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ റാവു ക്ലിഫ് ഹൗസില്‍ വച്ചാണ് പിണറായിയുമായി കൂടികാഴ്ച നടത്തിയത്. ടിആര്‍എസ് എംപിമാരായ സന്തോഷ്‌കുമാര്‍, വിനോദ്കുമാര്‍ എന്നിവരും തെലങ്കാന മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റാവുവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഡിഎംകെ നേതാവ് സ്റ്റാലിനുമായി 13ന് അദ്ദേഹം കൂടികാഴ്ച നടത്തും.
ഫെഡറല്‍ മുന്നണി രൂപീകരണത്തെക്കുറിച്ച് അദ്ദേഹം മമത ബാനര്‍ജിയുമായും ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കാണ് ചന്ദ്രശേഖര റാവുവിന്റെ യാത്ര.