രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം; പട്ടികയില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്
ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ (1.745 പോയിന്റ്) യാണ് ഒന്നാം സ്ഥാനത്ത്. മേഘാലയ (0.797), ഹിമാചല്‍ പ്രദേശ് (0.725) എന്നിവയാണ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ബംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്. അക്രമത്തിന്റെയും ബലാല്‍സംഗക്കൊലകളുടെയും നാടായി മാറിയ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സംസ്ഥാനം പട്ടികയില്‍ ഏറ്റവും പിന്നിലായി സ്ഥാനംപിടിച്ചു. ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പിഎസി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡെക്‌സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.
കേരളത്തിന് (1.388 പബ്ലിക് അഫയേഴ്‌സ് ഇന്‍ഡെക്‌സ് പോയിന്റ്) പിന്നാലെ തമിഴ്നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കര്‍ണാടക (0.468) തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഭരണത്തിന്റെ കാര്യത്തില്‍ വലിയ സംസ്ഥാന വിഭാഗത്തിലെ ആദ്യ നാല് റാങ്കുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഒഡീഷ, ബിഹാര്‍ എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. ഇവര്‍ക്ക് യഥാക്രമം -1.461, -1.201, -1.158 പോയിന്റുകളാണ് ലഭിച്ചത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ (1.745 പോയിന്റ്) യാണ് ഒന്നാം സ്ഥാനത്ത്. മേഘാലയ (0.797), ഹിമാചല്‍ പ്രദേശ് (0.725) എന്നിവയാണ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. മണിപ്പൂര്‍ (0.363), ഡല്‍ഹി (0.289), ഉത്തരാഖണ്ഡ് (0.277) എന്നീ സംസ്ഥാനങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മോശം പ്രകടനം കാഴ്ചവച്ചവര്‍. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ചണ്ഡീഗഡാണ് (1.05) ഒന്നാമത്. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003). ദാദര്‍, നഗര്‍ഹവേലി (0.69), ആന്‍ഡമാന്‍, ജമ്മു കശ്മീര്‍ (0.50), നിക്കോബാര്‍ (0.30) എന്നിവയാണ് ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്നത്.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ രണ്ടുവിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയത്. സുസ്തിര വികസനത്തിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍ ഭരണത്തിന്റെ പ്രകടനം വിശകലനം ചെയ്തത്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പിഎസി).