ഐഎസ്‌സി നാലാം റാങ്കുകാരിയെ 'ഡെപ്യൂട്ടി കമ്മീഷണറാ'ക്കി ആദരം

ജിഡി ബിര്‍ള സെന്റര്‍ ഫോര്‍ എജ്യുക്കേഷനില്‍ നിന്നു 99.25 ശതമാനം മാര്‍ക്കോടെ ഉന്നതറാങ്ക് നേടിയ റിച്ച സിങിനെയാണ് അപൂര്‍വമാതൃകയില്‍ ആദരിച്ചത്

Update: 2019-05-09 03:07 GMT

കൊല്‍ക്കത്ത: ഐഎസ് സി പരീക്ഷയില്‍ ദേശീയതലത്തില്‍ നാലാം റാങ്ക് നേടിയ മിടുക്കിയെ ഒരു ദിവസത്തേക്ക് ഡെപ്യൂട്ടി കമ്മീഷണറാക്കി ആദരിച്ചു. ജിഡി ബിര്‍ള സെന്റര്‍ ഫോര്‍ എജ്യുക്കേഷനില്‍ നിന്നു 99.25 ശതമാനം മാര്‍ക്കോടെ ഉന്നതറാങ്ക് നേടിയ റിച്ച സിങിനെയാണ് അപൂര്‍വമാതൃകയില്‍ ആദരിച്ചത്. സിറ്റി പോലിസിന്റെ സൗത്ത്-ഈസ്‌റ്റേണ്‍ ഡിവിഷന്റെ ഡെപ്യൂട്ടി കമ്മീഷണറുടെ കസേരയില്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്കു 12 വരെയായിരുന്നു കുഞ്ഞു ഡെപ്യൂട്ടി കമ്മീഷണറുടെ ജോലി. ഗരിയാഹത് പോലിസ് സ്‌റ്റേഷനിലെ അഡീഷനല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് രാജേഷ് സിങിന്റെ മകളാണ് റിച്ച സിങ്. ഒരു ദിവസമാണെങ്കിലും പിതാവിന്റെ മേലധികാരിയായിരുന്നപ്പോള്‍ തന്നെ കഷ്ടപ്പെട്ടു വളര്‍ത്തിയ അച്ഛന് ആശ്വാസമേകിയ ഉത്തരവാണ് കൊച്ചു കമ്മീഷണര്‍ പുറപ്പെടുവിച്ചത്. പിതാവിനോട് നേരത്തേ വീട്ടില്‍ പോവാനായിരുന്നു 'ഡെപ്യൂട്ടി കമ്മീഷണറു'ടെ ഓര്‍ഡര്‍. ഇതെല്ലാം അനുഭവിച്ച പിതാവ് എങ്ങനെയാണ് സന്തോഷം പ്രകടിപ്പിക്കേണ്ടതെന്ന് പോലും അറിയാത്ത വിധം അന്ധാളിപ്പിലാണ്. തന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കുമെന്നറിയില്ലെന്നും എന്റെ 'മേലധികാരി' തന്നോട് നേരത്തേ വീട്ടില്‍പോവാന്‍ ഉത്തരവിട്ടപ്പോള്‍ താന്‍ അനുസരിച്ചെന്നും പിതാവ് രാജേഷ് സിങ് പറഞ്ഞു. ഉന്നതപഠനത്തിന് ഹിസ്റ്ററിയോ സോഷ്യോളജിയോ തിരഞ്ഞെടുക്കാനാണ് റിച്ച സിങ് ഉദ്ദേശിക്കുന്നത്. ഇതുവഴി യുപിഎസ് സി പരീക്ഷയില്‍ പങ്കെടുക്കാനാണ് ഇഷ്ടമെന്നും പെണ്‍കുട്ടി പറയുന്നു.



Tags:    

Similar News