ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചില്‍ മാറ്റം; രണ്ട് ജഡ്ജിമാരെ പുതുതായി ഉള്‍പ്പെടുത്തി

ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്. ചൊവ്വാഴ്ചയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇനി പരിഗണിക്കുന്നത്.

Update: 2021-02-19 14:50 GMT

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെതിരേ സി ബി ഐ നല്‍കിയ ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്. ചൊവ്വാഴ്ചയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇനി പരിഗണിക്കുന്നത്.

കഴിഞ്ഞതവണ ലാവലിനുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിതിനൊപ്പം ബെഞ്ചിലുണ്ടായിരുന്നത് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറെ ദിവസങ്ങളായി ജസ്റ്റിസ് യു യു ലളിത് നേതൃത്വം നല്‍കുന്ന ബെഞ്ചിന്റെ ഭാഗമാണ് ജസ്റ്റിസ് കെ എം ജോസഫ്. 23ന് ജസ്റ്റിസ് യു യു ലളിത് നേതൃത്വം നല്‍കുന്ന ബെഞ്ച് പരിഗണിക്കുന്ന ആറാമത്തെ കേസാണ് ലാവ്‌ലിനുമായി ബന്ധപ്പെട്ട ഹരജികള്‍. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിബിഐയും പ്രതിപ്പട്ടികയില്‍ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News