മദ്യം വാങ്ങാന്‍ യൂനിഫോമില്‍ സഞ്ചിയുമായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പോലിസുകാരന്റെ ചിത്രം

യൂനിഫോമില്‍നിന്നും ഇയാള്‍ സബ് ഇന്‍സ്പെക്ടറാണെന്ന് വ്യക്തമാണ്. ക്യൂ തെറ്റിച്ച ഇയാള്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിച്ചുവെന്ന് മദ്യം വാങ്ങാനെത്തിയ മറ്റാളുകള്‍ പറഞ്ഞു. പ്രദേശവാസികളും മാധ്യമപ്രവര്‍ത്തകരും ഇയാള്‍ ആരാണെന്ന് അറിയാന്‍ ശ്രമിച്ചുവെങ്കിലും ഇദ്ദേഹം ബൈക്കില്‍ കയറി ഉടന്‍തന്നെ സ്ഥലംവിട്ടു.

Update: 2020-05-05 14:20 GMT

കൊല്‍ക്കത്ത: ലോക്ക് ഡൗണ്‍ നിലനില്‍ക്കെ തുറന്ന മദ്യശാലയില്‍ യൂനിഫോമില്‍ മദ്യം വാങ്ങിക്കൊണ്ടുപോവുന്ന പോലിസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെര്‍ഹംപൂരിലാണ് സംഭവം. വൈകീട്ട് 4.30 ഓടെയാണ് ബെര്‍ഹാംപൂരിലെ ഒറ്റപ്പെട്ട മദ്യഷോപ്പില്‍ തലയില്‍ ഹെല്‍മറ്റ് ധരിച്ച് കൈയില്‍ സഞ്ചിയുമായി പോലിസുദ്യോഗസ്ഥന്‍ ക്യൂവില്‍ക്കയറി നിന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലെ മദ്യഷാപ്പുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ 7 മണി വരെ തുറക്കാമെന്ന് കൊവിഡ് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ബെര്‍ഹാംപൂരിലെ ഹരിദാസ്മതിയിലെ മദ്യഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.

യൂനിഫോമില്‍നിന്നും ഇയാള്‍ സബ് ഇന്‍സ്പെക്ടറാണെന്ന് വ്യക്തമാണ്. ക്യൂ തെറ്റിച്ച ഇയാള്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിച്ചുവെന്ന് മദ്യം വാങ്ങാനെത്തിയ മറ്റാളുകള്‍ പറഞ്ഞു. പ്രദേശവാസികളും മാധ്യമപ്രവര്‍ത്തകരും ഇയാള്‍ ആരാണെന്ന് അറിയാന്‍ ശ്രമിച്ചുവെങ്കിലും ഇദ്ദേഹം ബൈക്കില്‍ കയറി ഉടന്‍തന്നെ സ്ഥലംവിട്ടു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമായതുമില്ല. പിന്നീട് ഇയാള്‍ മദ്യശാലയ്ക്കു മുന്നില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. മദ്യംവാങ്ങിയ പോസുകാരനെ താന്‍ ശരിക്കും കണ്ടില്ലെന്നാണ് മദ്യഷോപ്പ് ഉടമ പറയുന്നത്. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് തനിക്ക് വിവരമൊന്നും കിട്ടിയില്ലെന്ന് മുര്‍ഷിദാബാദ് എസ്പി ശബരി രാജ്കുമാര്‍ പ്രതികരിച്ചു.

പേര് വെളിപ്പെടുത്താത്ത മറ്റൊരു ഉന്നതോദ്യോഗസ്ഥന്‍, എസ്‌ഐ ആരെന്ന് മനസ്സിലാക്കാന്‍ സാധിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. പോലിസുദ്യോഗസ്ഥന്‍ യൂനിഫോമില്‍ മദ്യം വാങ്ങുന്നത് ശരിയായ കാര്യമല്ല. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില മദ്യവില്‍പ്പനശാലകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നതായും സാമൂഹിക അകലം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും ബെര്‍ഹാംപൂര്‍ എക്സൈസ് സര്‍ക്കിളിലെ അസിസ്റ്റന്റ് സൂപ്രണ്ട് മുഗെന്‍ ചാവ് പ്രതികരിച്ചു.  

Tags:    

Similar News