മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവാകും

Update: 2021-02-12 08:35 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച ഒഴിവിലേയ്ക്കാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച തീരുമാനം രാജ്യസഭാ ചെയര്‍മാനെ കോണ്‍ഗ്രസ് അറിയിക്കും. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയും, റെയില്‍വേ മന്ത്രിയുമായി മുമ്പ് സേവനമനുഷ്ടിച്ചിട്ടുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍നിന്നുള്ള രാജ്യസഭാംഗമാണ്. ഫെബ്രുവരി 15നാണ് ഗുലാം നബി ആസാദിന്റെ കാലാവധി അവസാനിക്കുക.

കശ്മീരില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു ആസാദ്. രാജ്യസഭയില്‍ അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി വികാരാധീനനായതിനെത്തുടര്‍ന്ന് ആസാദ് ബിജെപിയില്‍ ചേക്കേറുമെന്ന തരത്തില്‍ അഭ്യൂഹം പരന്നിരുന്നു. ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയിലേക്ക് കൊണ്ടുവരണമെന്ന് ശരദ് പവാര്‍ ഉള്‍പ്പടെയുളള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. ഗുലാം നബി ആസാദിന് പുറമേ പിഡിപി എംപിമാരായ നാസിര്‍ അ്ഹമദ് ലാവെ, മിര്‍ മുഹമ്മദ് ഫയാസ് എന്നിവരുടെ കാലാവധിയും ഫെബ്രുവരി 15ന് അവസാനിക്കും.

Tags:    

Similar News