കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും കോണ്‍ഗ്രസ്; കുമാരസ്വാമിയുടെ മകന് തോല്‍വി
ബെംഗളൂരു: മഹാരാഷ്ട്രയിലെ വന്‍ ജയത്തിനിടെ ബിജെപിക്ക് തിരിച്ചടിയായി കര്‍ണാടക ഉപതിരഞ്ഞെടുപ്പിലെ തോല്‍വി.സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും കോണ്‍ഗ്രസ് ജയിച്ചു. കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പരാജയപ്പെട്ട പ്രമുഖരില്‍പ്പെടുന്നു. ചനപട്ടണ മണ്ഡലത്തില്‍ മല്‍സരിച്ച നിഖില്‍ കുമാരസ്വാമി കോണ്‍ഗ്രസിന്റെ സിപി യോഗേശ്വരയോടാണ് പരാജയപ്പെട്ടത്.
കന്നഡ നടനായ യോഗേശ്വര അടുത്തിടെയാണ് ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ബിജെപി വിട്ടത്. യോഗേശ്വരയക്ക് 1,12,642 വോട്ട് ലഭിച്ചു. നിഖിലിന് 87,229 വോട്ടാണ് ലഭിച്ചത്. യോഗേശ്വര അഞ്ച് തവണ എംഎല്‍എ ആയിട്ടുണ്ട്. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിനായി ദേവ ഗൗഡ, ബിഎസ് യെദൂരിയപ്പ എന്നിവരും പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. ദേവഗൗഡയുടെ കൊച്ചുമകനാണ് നിഖില്‍ കുമാരസ്വാമി.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമയ്യുടെ മകന്‍ ഭരത് ബൊമ്മയും തോല്‍വി നേരിട്ടു. ഷിഗാഗോണ്‍ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ യാസിര്‍ പഥാനാണ് ജയിച്ചത്. സന്ദൂരിലെ ഹനുമന്തയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അന്നപൂര്‍ണ്ണ തുക്രാം വിജയിച്ചു.