യുപിയില്‍ ആശുപത്രിയില്‍നിന്ന് കാണാതായ കൊവിഡ് രോഗി മരിച്ച നിലയില്‍
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് യുവാവ് മരിക്കാനിടയായതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപിതരായ ബന്ധുക്കള്‍ സംഘടിച്ചെത്തി ആശുപത്രി അധികാരികള്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചു.
ലഖ്‌നോ: ഉത്തര്‍പ്രദേശ് വാരാണസിയിലെ ആശുപത്രിയില്‍നിന്ന് കാണാതായ കൊവിഡ് ചികില്‍സയിലിരുന്ന രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന് സമീപമം ഇന്നലെ രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്. വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍നിന്ന് ഞായറാഴ്ചയാണ് 21 കാരനായ കൊവിഡ് രോഗിയെ കാണാതായത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് യുവാവ് മരിക്കാനിടയായതെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രകോപിതരായ ബന്ധുക്കള്‍ സംഘടിച്ചെത്തി ആശുപത്രി അധികാരികള്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചു. മരണപ്പെട്ടയാളുടെ ശരീരത്തില്‍ വിവരിക്കാനാവാത്ത തരത്തിലുള്ള മുറിവുകളുണ്ടെന്ന് ആരോപിച്ചു. അതേസമയം, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് രോഗി മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. രോഗി ആശുപത്രിയുടെ പുറത്ത് പൈപ്പ് സ്ഥാപിച്ച സ്ഥലത്തേക്ക് പോവുന്നത് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി വിശകലനം ചെയ്തതില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ച പൈപ്പിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നുണ്ട്.
പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് ഇയാള്‍ താഴേയ്ക്ക് വീഴുകയായിരുന്നു. മൃതദേഹം ഉടന്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായും പോലിസിനെ വിവരമറിയിച്ചതായും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പോലിസും അഗ്‌നിശമനസേനയുമെത്തിയാണ് മൃതദേഹം നീക്കിയത്. ഒരാഴ്ച മുമ്പാണ് തലയ്ക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയുടെ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കൊവിഡ് വാര്‍ഡിലേക്ക് മാറ്റി.
തലയ്ക്ക് പരിക്കേറ്റ ഇയാളുടെ മാനസികാവസ്ഥയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരിക്കാമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എസ് കെ മാത്തൂര്‍ പറഞ്ഞു. എങ്കിലും വൈറസ് ചികില്‍സയോട് അദ്ദേഹം നന്നായി പ്രതികരിച്ചിരുന്നതായും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കൊവിഡ് രോഗി നേരത്തെയും സമാനമായ നിലയില്‍ ആശുപത്രിയില്‍നിന്ന് ചാടി മരിക്കാന്‍ ശ്രമം നടത്തിയിരുന്നതായി അധികൃതര്‍ പറയുന്നു. ഒരുദിവസം മുമ്പായിരുന്നു സംഭവം. ഇതേ ആശുപത്രിയുടെ നാലാംനിലയില്‍നിന്നാണ് ഇയാള്‍ ചാടാന്‍ ശ്രമിച്ചത്. എന്നാല്‍, കൊവിഡ് വാര്‍ഡിലെ മറ്റ് രോഗികള്‍ ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ച് മടക്കിക്കൊണ്ടുവരികയായിരുന്നു.