പോലിസ് പക്ഷപാതിത്വത്തെക്കുറിച്ചുള്ള റിപോര്‍ട്ട്; ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം നേതാക്കള്‍
സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസും കോമണ്‍ കോസ് എന്ന എന്‍ജിഒയും നടത്തിയ പഠനമാണ് പോലിസ് മുസ്‌ലിംകളോട് പുലര്‍ത്തുന്ന മുന്‍വിധി പുറത്തുകൊണ്ടുവന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരായി പോലിസ് പുലര്‍ത്തുന്ന മുന്‍വിധിയിലും പക്ഷപാതിത്വ സമീപനത്തിലും മുസ്‌ലിം നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസും കോമണ്‍ കോസ് എന്ന എന്‍ജിഒയും നടത്തിയ പഠനമാണ് പോലിസ് മുസ്‌ലിംകളോട് പുലര്‍ത്തുന്ന മുന്‍വിധി പുറത്തുകൊണ്ടുവന്നത്.
മുസ്‌ലിംകള്‍ പ്രകൃത്യാ തന്നെ കുറ്റകൃത്യത്തിന് വശംവദരാകുന്നവരാണെന്ന് 50 ശതമാനം പോലിസുകാരും വിശ്വസിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് ചെലമേശ്വര്‍ പ്രകാശനം ചെയ്ത റിപോര്‍ട്ട് വ്യക്തമാക്കുന്നു. പശുക്കളെ അറുക്കുന്ന സംഭവങ്ങളില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ സ്വഭാവിക നീതിയാണെന്ന് മൂന്നിലൊന്ന് പോലിസുകാരും വിശ്വസിക്കുന്നതായാണ് മറ്റൊരു കണ്ടെത്തല്‍. 21 സംസ്ഥാനങ്ങളിലെ 12,000 പോലിസുകാരാണ് സര്‍വേയില്‍ പങ്കെടുത്തത്.
മുസ്‌ലിംകള്‍ക്കെതിരായ പോലിസ് പക്ഷപാതിത്വം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പോലിസ് സംവിധാനത്തെ മുസ്‌ലിംകള്‍ക്ക് നീതി ലഭ്യമാക്കുന്ന രീതിയില്‍ പരിഷ്‌കരിക്കണമെന്ന ആവശ്യമുയര്‍ത്തിയിരുന്നുവെന്നും ഡല്‍ഹി മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണു വ്യക്തമാവുന്നത്. ഹിന്ദുത്വ ശക്തികള്‍ സൃഷ്ടിച്ച വര്‍ഗീയ അന്തരീക്ഷം നേരത്തേ ഈ വൈറസ് ബാധിച്ചിട്ടില്ലാത്തവരെയും സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്. നമ്മുടെ ക്രമസമാധാന പാലന സംവിധാനം ഇങ്ങിനെയൊരു മനസ്ഥിതി വച്ചുപുലര്‍ത്തുന്നുവെന്നത് ആശങ്കാജനകമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലിസ് ഉദ്യോഗം തേടുന്നവരെ സേനയിലേക്ക് എടുക്കും മുമ്പ് അവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് ആള്‍ ഇന്ത്യാ മജ്‌ലിസെ മുശാവറ പ്രസിഡന്റ് നാവേദ് ഹമീദ് പറഞ്ഞു. രാജ്യത്തെ വര്‍ഗീയ രാഷ്ട്രീയം പോലിസിനെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. പോലിസിന്റെ വര്‍ഗീയ മുന്‍വിധിക്ക് ദീര്‍ഘകാല ചരിത്രമുണ്ടെങ്കിലും ഇത് പരിഹരിക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ആര്‍എസ്എസ് പതിറ്റാണ്ടുകളായി സാധാരണക്കാരുടെ മനസ്സുകളെ ദുഷിപ്പിച്ചുകൊണ്ടിരിക്കുയാണ്. പോലിസും അതില്‍ നിന്നൊഴിവല്ല. ഇത്തരം മനസ്ഥിതിയുടെ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു.
പോലിസ് അക്കാദമി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു അക്കാദമിയുടെ ആവശ്യമില്ല. പോലിസ് പക്ഷപാതിത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കുകയാണു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.