രാജീവ് വധക്കേസിലെ പ്രതി നളിനി ജയിലില്‍ നിരാഹാരത്തില്‍
രാജീവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു.
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു. ശിക്ഷാ കാലാവധി കുറച്ച് വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് നളിനി നിരാഹാര സമരം ആരംഭിച്ചത്. നീണ്ട വര്‍ഷത്തെ ജയില്‍ വാസം ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ക്ക് നളിനി കത്തയച്ചു.
മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോള്‍ അനുവദിച്ചിരുന്നു. 51 ദിവസങ്ങള്‍ക്ക് ശേഷമാണ് നളിനി ജയിലില്‍ തിരിച്ചെത്തിയത്. ജയിലില്‍ ജനിച്ച നളിനിയുടെ മകള്‍ ചരിത്ര ശ്രീഹരന്‍ ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ്.
മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. ഇരുപത്തിയേഴ് വര്‍ഷത്തിനിടെ 2016ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിരുന്നത്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്.