യുപിയില്‍ വനിതാ കായികതാരം കൊല്ലപ്പെട്ട നിലയില്‍; ബലാല്‍സംഗക്കൊലയെന്ന് കുടുംബം
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ദലിത് വനിതാ ദേശീയ കായിക താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജോലി ആവശ്യാര്‍ഥം ഇന്റര്‍വ്യൂവിനു പോയ ഖോഖോ താരമായ 24കാരിയുടെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കുടിയ കോളനി നിവാസിയായ യുവതിയുടെ വീടിനു 100 മീറ്റര്‍ അകലെ ബിജ്‌നോര്‍ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതായും ഞെരിച്ച പാടുകളുണ്ടെന്നും പല്ല് ഒടിഞ്ഞിട്ടുണ്ടെന്നും ബലാല്‍സംഗക്കൊലയാണെന്നും കുടുംബം ആരോപിച്ചു. കുടുംബക്കാരുടെ പരാതിയിയില്‍ ബലാല്‍സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം അജ്ഞാതര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. യുവതി വെള്ളിയാഴ്ചയാണ് ഒരു സ്വകാര്യസ്‌കൂളില്‍ ജോലിയുടെ അഭിമുഖത്തിനായി പോയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വൈകീട്ട് മൂന്ന് മണിയോടെ റെയില്‍വേ ട്രാക്കിന്റെ വിജനമായ ഭാഗത്ത് ഒരു പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചത്. വീട്ടുകാര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. തങ്ങളുടെ അധികാരപരിധിയിലല്ല കുറ്റകൃത്യം നടന്നതെന്നു പറഞ്ഞ് ആദ്യം എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ പോലിസ് വിസമ്മതിച്ചെന്നും റെയില്‍വേ പോലിസാണ് കേസ് അന്വേഷിക്കേണ്ടതെന്നു പറഞ്ഞതായും കുടുംബം ആരോപിച്ചു. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഒരു ജിആര്‍പി സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം നടക്കുന്നുണ്ടെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് അപര്‍ണ ഗുപ്ത പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് താരം വിവാഹിതയായത്. വിദ്യാര്‍ഥിയായിരിക്കെ നിരവധി ഇന്റര്‍ കോളീജിയറ്റ് മീറ്റിലും പങ്കെടുത്തിരുന്ന യുവതി 2016ല്‍ മഹാരാഷ്ട്രയില്‍ നടന്ന ദേശീയ ഖോഖോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കായികാധ്യാപികയായി ജോലിചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രണ്ട് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഖോ ഖോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു.