ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പരാതി; യുപിയില്‍ മുസ്‌ലിം കൗമാരക്കാരന്‍ ജാമ്യമില്ലാതെ ജയിലില്‍
16 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് ഡിസംബര്‍ 15ന് 18കാരനായ ശാക്കിബിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നോവില്‍നിന്ന് 430 കിമീ അകലെ ബിജ്‌നോറിലാണ് സംഭവം.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ഒരു മുസ്‌ലിം കൗമാരക്കാരന്‍കൂടി വേട്ടയാടപ്പെടുന്നു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ഹിന്ദു പെണ്‍കുട്ടിയോടൊപ്പം മടങ്ങവെ പോലിസ് അറസ്റ്റുചെയ്ത മുസ്‌ലിം കൗമാരക്കാരനാണ് 20 ദിവസത്തിലധികമായി ജയിലില്‍ കഴിയുന്നത്. 16 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് ഡിസംബര്‍ 15ന് 18കാരനായ ശാക്കിബിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നോവില്‍നിന്ന് 430 കിമീ അകലെ ബിജ്‌നോറിലാണ് സംഭവം.
ഹിന്ദു പെണ്‍കുട്ടിയ്‌ക്കൊപ്പം സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയാണ് പോലിസ് ശാക്കിബിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുന്നത്. തുടര്‍ന്ന് യുപിയിലെ പുതിയ ലൗ ജിഹാദ് നിയമത്തിലെ കര്‍ശന വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മകളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യംപോലും ലഭിക്കാന്‍ പ്രയാസമുള്ള വകുപ്പുകള്‍ ശാക്കിബിനെതിരേ ചുമത്തിയത്. ശാക്കിബ് നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്ന ആരോപണം പെണ്‍കുട്ടിയും മാതാവും തുടക്കത്തില്‍തന്നെ നിഷേധിച്ചെങ്കിലും പോലിസ് കേസുമായി മുന്നോട്ടുപോവുകയും കടുത്ത വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
ആരോരും സഹായിക്കാനില്ലാതെ കണ്ണീരുമായി കഴിയുകയാണ് ശാക്കിബിന്റെ മാതാവ് 50കാരിയും വിധവയുമായ സഞ്ജീദ. സ്ഥിരവരുമാനംപോലുമില്ലാത്ത അവര്‍ക്ക് മകന്റെ മോചനത്തിനായി അഭിഭാഷകന് നല്‍കാനുള്ള പണം കണ്ടെത്താന്‍പോലും കഴിയുന്നില്ല. ഞാന്‍ വളരെ ദു:ഖിതനാണ്. എന്റെ ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ചികില്‍സയ്ക്കായി ഞാന്‍ ലക്ഷക്കണക്കിന് രൂപ കടം വാങ്ങി. രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു. ഈ കേസിനെതിരേ പോരാടാന്‍ ആരും എനിക്ക് പണം നല്‍കാന്‍ പോലും തയ്യാറാവുന്നില്ല- സഞ്ജീദ എന്‍ഡി ടിവിയോട് പറഞ്ഞു.
ഡിസംബര്‍ 15 നാണ് ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തത്. ഒരു പോലിസ് ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി. തെളിവുകള്‍, വൈദ്യപരിശോധന, മജിസ്‌ട്രേറ്റിന് മുന്നിലെ പെണ്‍കുട്ടിയുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഐപിസി, പോക്‌സോ ആക്ട്, എസ്‌സി/എസ്ടി നിയമം, മതപരിവര്‍ത്തന നിരോധന നിയമം എന്നിവ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചത്- ബിജ്‌നോര്‍ പോലിസ് മേധാവി ഡോ. ധരംവീര്‍ സിങ് പറയുന്നു. ഇന്നും പെണ്‍കുട്ടിയുടെ അച്ഛനും കുടുംബാംഗങ്ങളും അവരുടെ പ്രസ്താവനകളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി. പോലിസിനെതിരായ ആരോപണം തീര്‍ത്തും തെറ്റാണ്. വൈദ്യപരിശോധനയ്ക്കും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴികള്‍ക്കും ശേഷമാണ് ഞങ്ങള്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ചില ആളുകള്‍ അവരുടെ പ്രസ്താവനകള്‍ മാറ്റാന്‍ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. ഞങ്ങള്‍ അത്തരക്കാരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കെതിരേ നടപടി സ്വീകരിക്കും. ഏതെങ്കിലും ഗ്രാമത്തലവന്‍മാരുടെയോ രാഷ്ട്രീയക്കാരന്റെയോ പ്രസ്താവനകളെ അടിസ്ഥാനമാക്കി ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല. തെളിവുകളുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലാണ് നടപടി- ബിജ്‌നോര്‍ പോലിസ് മേധാവി പറഞ്ഞു. മകളെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിക്കുകയാണെന്ന് പിതാവ് എന്‍ഡി ടിവിയോട് പറഞ്ഞു.
തന്റെ മകളും ഭാര്യയും ഇക്കാര്യം നിഷേധിക്കില്ലെന്നും അവരോട് ചോദിച്ചുനോക്കാനെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പെണ്‍കുട്ടിയെയും മാതാവിനെയും നേരിട്ട് കാണാനായില്ല. അവര്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ പിതാവോ ഗ്രാമവാസികളോ തയ്യാറായില്ല. അതേസമയം, രണ്ടാഴ്ച മുമ്പ് ശാക്കിബിനെതിരായ മതപരിവര്‍ത്തന ആരോപണം മാതാവും പെണ്‍കുട്ടിയും ശക്തമായി നിഷേധിച്ചതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാത്രി 11.30 ഓടെ ചിലര്‍ ഞങ്ങളെ പിടികൂടുകയും ഗ്രാമീണര്‍ ഞങ്ങളെ മര്‍ദിക്കുകയും ചെയ്തു. അവര്‍ മോഷണക്കുറ്റം ആരോപിച്ചു.
അവര്‍ ഒരു ആണ്‍കുട്ടിയെ പിടികൂടി. അവനാരാണെന്ന് എനിക്കറിയില്ല. അദ്ദേഹം എന്നെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നത് ശരിയല്ല- പെണ്‍കുട്ടി എന്‍ഡി ടിവിയോട് പറഞ്ഞു. ഇത് ലൗ ജിഹാദ് കേസാണെന്ന് ഞാന്‍ കരുതുന്നില്ലെന്നായിരുന്നു ഗ്രാമത്തിലെ പ്രധാനിയായ വിനോദ് സൈനി പ്രതികരിച്ചത്. ഞാന്‍ ഇതിനകം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇരുവരും വിദ്യാര്‍ഥികളായിരുന്നു. അവര്‍ പരസ്പരം കണ്ടുമുട്ടിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.