ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ രാജ്യത്താകമാനം ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് വര്‍ധിക്കുന്നു. ത്രിപുരയില്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ രാജിവച്ചതിനു പിന്നാലെ വടക്കു കിഴക്കന്‍ സംസഥാനങ്ങളില്‍ കൂട്ടത്തോടെയാണ് ബിജെപി നേതാക്കള്‍ രാജി വെക്കുന്നത്. ഇന്നലെ മാത്രം അരുണാചല്‍ പ്രദേശില്‍ 18 ബിജെപി നേതാക്കളാണ് രാജിവച്ചത്. ഇതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം അടുത്ത ദിവസങ്ങളില്‍ രാജിവച്ച മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കളുടെ എണ്ണം 25 ആയി. ആറ് സിറ്റിങ് എംഎല്‍എമാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍, ആഭ്യന്തര മന്ത്രി കുമാര്‍ വയ്, വിനോദ സഞ്ചാര വകുപ്പു മന്ത്രി ജര്‍കര്‍ ഗാംലിന്‍ എന്നിവരടക്കമുള്ളവരാണ് അരുണാചലില്‍ പാര്‍ട്ടി വിട്ടത്. ഇവരില്‍ പലരും ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യില്‍ ചേര്‍ന്നു. അതേസമയം എന്‍പിപി, എസ്‌കെഎം എന്നിവര്‍ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതായും അറിയിച്ചിട്ടുണ്ട്.